വിദ്യാര്‍ഥികള്‍ ഹരിതാഭമായ മനസ്സിന്റെ ഉടമകളാകണം: മന്ത്രി

Posted on: March 1, 2014 7:58 am | Last updated: March 1, 2014 at 7:58 am
SHARE

pk jayalakshmi1മുട്ടില്‍: വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ പുരോഗമനത്തോടൊപ്പം പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഹരിതാഭമായ മനസിന്റെ ഉടമകളാകണമെന്ന് മന്ത്രി. പി കെ ജയലക്ഷ്മി.
കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിയൂണിയന്‍ ത്രിദിന പരിസ്ഥിതി ക്യാമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ പരാസ്ഥിതിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും, ജീവിത വീക്ഷണം രൂപപ്പെടുത്തുമ്പോള്‍ പരിസ്ഥിതിയോട് ഇണങ്ങിചേരുന്ന ജീവിതശൈലി അവലംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വനസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, പ്ലാസ്റ്റിക് നിരോധനം എന്നിവ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.മൂന്ന് ദിവസങ്ങളിലായി മുട്ടില്‍ ഡബ്ല്യൂ എം ഒ കോളേജില്‍ വെച്ച് നടക്കുന്ന പരിസ്ഥിതി ക്യാമ്പില്‍ വിവിധ സെഷനുകളിലായി എം എല്‍ എ മാര്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും.
ഉദ്ഘാടന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി ഷറഫുദ്ദീന്‍ പിലാക്കല്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യൂ എം ഒ കോളജ് പ്രിന്‍സിപ്പിള്‍ ഡോ. യു സെയ്തലവി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം ലുക്മാനുല്‍ ഹക്കീം, യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജൗഹര്‍ കുരുക്കോളി, ഡബ്ല്യൂ എം ഒ കോളജ്, യുയു സി ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം പി നവാസ് നന്ദി പറഞ്ഞു.