ഖുറിയാത്ത് – സൂര്‍ പാതയില്‍ വിശ്രമ കേന്ദ്രം നിര്‍മിക്കും

Posted on: February 28, 2014 6:32 pm | Last updated: February 28, 2014 at 6:32 pm

മസ്‌കത്ത്: രാജ്യത്തെ പ്രധാന ഹൈവേ ആയ ഖുറിയാത്ത് – സൂര്‍ പാതയില്‍ വിശ്രമ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ട പ്രവൃത്തികള്‍ക്കുള്ള നിര്‍മാണ കരാര്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ സര്‍ക്കാര്‍ ടൂറിസം പദ്ധതികളുടെ കരാര്‍ പ്രവൃത്തികള്‍ നടപ്പിലാക്കുന്ന ‘ഒംറാന്റെ’ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഥാന പാതകളില്‍ വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.

പാതയുടെ പ്രധാന ഭാഗത്തായാണ് കേന്ദ്രം നിര്‍മിക്കുകയെന്ന് ‘ഒംറാന്‍’ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അല്‍ ഫര്‍സി പറഞ്ഞു. ഖുറിയാത്ത് – സൂര്‍ ഹൈവിയിലെ നിരവധി സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ കേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥലം അനുവദിക്കുന്നതിന് അനുസരിച്ചാണ് നിര്‍മാണം ആരംഭിക്കുക. ടെന്‍ഡര്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവസാന ദിവസം ഇന്നലെ അവാനിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം അടുത്ത മാസം 20നാണെന്നും അദ്ദേഹം പറഞ്ഞു.
റീട്ടെയില്‍ സെന്റര്‍, സര്‍വീസ് മേഖല, പാര്‍ക്കിംഗ്, കാര്‍ കെയര്‍ സെന്റര്‍, ഇന്റേണല്‍ റോഡ്, സ്ട്രീറ്റ് വെളിച്ചത്തോട് കൂടിയുള്ള നടപ്പാത, കഫ്തീരിയ, റോഡ് സര്‍വീസ് ഓഫീസ്, കുട്ടികളുടെ കളിസ്ഥലം, ട്രക്കുകള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് കേന്ദ്രം, ഫുഡ് കോര്‍ട്ട്, ഗ്രോസറി ഷോപ്പ്, എ ടി എം, ടൂറിസം ഇന്‍ഫോ ടെസ്‌ക്, പോസ്റ്റ് ഓഫീസ് എന്നിവയടങ്ങിയതാണ് വിശ്രമ കേന്ദ്രം. ത്രീ സ്റ്റാര്‍ ഹോട്ടല്‍, ആംബുലന്‍സ്, ഫയര്‍ ഫോയ്‌സ് സേവനങ്ങള്‍, എന്നിവയും വിശ്രമ കേന്ദ്രത്തില്‍ ഉള്‍പെടുത്തുന്നതിന് പദ്ധതിയുണ്ട്. ആദം- തുംറൈത്ത് പാതയിലും വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പി ഡി ഒയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണ്.
ആദം- തുംറൈത്ത് പാതയില്‍ രണ്ട് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് അധികൃതര്‍ പദ്ധതി തയാറാക്കുന്നത്. രണ്ട് സ്ഥലങ്ങളില്‍ ഇതിനായി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ സ്ഥലം ഉറപ്പ് വരുത്തിയിട്ടില്ല. സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗ്, ഹൗസിംഗ് മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുടെ അനുമതി ലഭിക്കുന്നതോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.