എസ് വൈ എസ് വാര്‍ഷിക കൗണ്‍സിലുകള്‍ നാളെ തുടങ്ങും

Posted on: February 28, 2014 6:20 am | Last updated: March 1, 2014 at 7:20 am

sysFLAGകോഴിക്കോട്: സമസ്ത കേരള സുന്നിയുവജന സംഘം വാര്‍ഷിക കൗണ്‍സിലുകള്‍ നാളെ തുടങ്ങും. ഈ പ്രവര്‍ത്തന കാലയളവിലെ ഒന്നാം വാര്‍ഷിക കൗണ്‍സിലുകളാണ് നാളെ ആരംഭിക്കുന്നത്.

‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന തലവാചകത്തില്‍ നടന്നുവരുന്ന ‘മിഷന്‍ 2014’ന്റെ ഭാഗമായുള്ള വാര്‍ഷിക കൗണ്‍സിലിനു നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ കണ്‍ട്രോളര്‍മാര്‍ (സി സി) ക്കുള്ള പരിശീലനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം വിവിധഘടകങ്ങളില്‍ നടപ്പാക്കിയ കര്‍മ പദ്ധതി സമ്പൂര്‍ണമായും അവലോകനം ചെയ്യുന്ന കൗണ്‍സിലില്‍ സി സി യുടെ നേതൃത്വത്തില്‍ ഓരോഘടകത്തിലെയും പ്രവര്‍ത്തന മികവിനനുസരിച്ച് ഗ്രേഡിംഗ് പൂര്‍ത്തിയാക്കും. കഴിഞ്ഞകാല കര്‍മ പദ്ധതിയില്‍ അവശേഷിക്കുന്നവ നടപ്പാക്കുന്നതിന്റെ പ്രായോഗികത കൗണ്‍സില്‍ ചര്‍ച്ചചെയ്തു അന്തിമമാക്കും. അടുത്തവര്‍ഷം നടപ്പാക്കുന്ന കര്‍മ പദ്ധതിയുടെ കരട് ചര്‍ച്ചചെയ്ത് മേല്‍ഘടകത്തിന് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനമായിട്ടുണ്ട്.
സംഘടനയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുന്നതിനും ആഭ്യന്തര സജ്ജീകരണത്തിനും മുഖ്യപരിഗണന നല്‍കുന്ന കൗണ്‍സില്‍ യൂനിറ്റ് ഘടകങ്ങളില്‍ മാര്‍ച്ച് 1-20നും സര്‍ക്കിളില്‍ മാര്‍ച്ച് 21-ഏപ്രില്‍ 10നും സോണുകളില്‍ ഏപ്രില്‍ 11-25നും ജില്ലകളില്‍ ഏപ്രില്‍ 30ന് മുമ്പും പൂര്‍ത്തിയാകും.
ഇതു സംബന്ധിച്ചു ചേര്‍ന്ന സംസ്ഥാന കാബിനറ്റില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഉമറുല്‍ ഫാറൂഖ്, കെകെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പങ്കെടുത്തു.

ALSO READ  പാലക്കാട് ജില്ലയിൽ എസ്‌ വൈ എസ് യൂത്ത് മാര്‍ച്ച് നാളെ തുടങ്ങും