മസ്‌കത്തില്‍ ടാക്‌സികളില്‍ മീറ്റര്‍ ഘടിപ്പിക്കുന്നു

Posted on: February 27, 2014 2:35 pm | Last updated: February 27, 2014 at 2:35 pm

metreമസ്‌കത്ത്: ടാക്‌സി സര്‍വീസുകളുടെ യാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള അവകാശം ഇലക്‌ട്രോണിക് മീറ്ററുകളിലേക്ക്. തലസ്ഥാനത്തെ ടാക്‌സികളില്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. അടുത്ത മാസങ്ങളില്‍ ഗവര്‍ണറേറ്റിലെ ടാക്‌സികളില്‍ മീറ്റര്‍ ഘടിപ്പിക്കല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് മറ്റു ഗവര്‍ണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ടാക്‌സി നിരക്കുകള്‍ അനിയന്ത്രിതമായി ഈടാക്കുന്നതായി ഉപഭോക്താക്കളില്‍ നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
2012ലാണ് ടാക്‌സികളില്‍ മീറ്റര്‍ ഘടിപ്പിക്കുന്നത് സംബന്ധമായി നഗരസഭാ കൗണ്‍സില്‍ ആദ്യമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഡ്രൈവര്‍മാര്‍ എതിരഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലായില്ലെന്ന് മത്രിയില്‍ നിന്നുള്ള നഗരസഭാ കൗണ്‍സിലര്‍ സലീം അല്‍ ഗമരി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ എയര്‍പോര്‍ട്ട് ടാക്‌സികളിലാണ് മീറ്റര്‍ ഘടിപ്പിക്കുക. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ട് ടാക്‌സികളില്‍ അമിതമായി ചാര്‍ജ് ഈടാക്കുന്നതായും ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ നഗരത്തിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, റിസോര്‍ട്ട് എന്നീ സ്ഥലങ്ങളിലെ ടാക്‌സികളില്‍ മീറ്ററുകള്‍ സ്ഥാപിക്കും.
ടാക്‌സി നിരക്കുകളെ കുറിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ടാക്‌സികളില്‍ ഗ്ലോബല്‍ പൊസിഷ്യനിംഗ് സിസ്റ്റം (ജി പി എസ്) സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. യാത്ര തുടങ്ങുന്നതും അനവാസിപ്പിക്കുന്നതുമായ സമയങ്ങള്‍ മനസ്സിലാക്കുന്നതിനാണ് ജി പി എസ് സംവിധാനം. അതേസമയം ദൂര സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ക്ക് മാത്രമാണ് മീറ്റര്‍ ഉപകാരപ്പെടുകയെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. എന്നാല്‍ ഒരേ സ്ഥലത്തേക്ക് പല സമയങ്ങളില്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഇതിന് മാറ്റം വരുത്തുന്നതിന് മീറ്റര്‍ സംവിധാനം ഉപകാരപ്രദമാകുമെന്നും യാത്രക്കാര്‍ പറഞ്ഞു. അമിതമായി നിരക്ക് വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ടാക്‌സികളുടെ നമ്പര്‍ സഹിതം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.