എന്‍ ഡി എയിലേക്ക് പോകാന്‍ പാസ്വാന്‍ ഒരുങ്ങി

Posted on: February 27, 2014 5:32 am | Last updated: February 27, 2014 at 12:35 am

Ram-Vilas-Paswan1ന്യൂഡല്‍ഹി: രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി (ലോക് ജനശക്തി പാര്‍ട്ടി) എന്‍ ഡി എയില്‍ ചേരാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് 2002ല്‍ എന്‍ ഡി എ സഖ്യം ഉപേക്ഷിതാണ് എല്‍ ജെ പി. പാസ്വാനുമായും ലാലുപ്രസാദിന്റെ ആര്‍ ജെ ഡിയുമായും ചേര്‍ന്ന് ബീഹാറില്‍ മതേതരത്വ മഹാസഖ്യം രൂപവത്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇത്. അതേസമയം, ബി ജെ പിയുമായി ചേരുന്നതില്‍ പ്രതിഷേധിച്ച് എല്‍ ജെ പിയുടെ ഏക എം എല്‍ എ സാകിര്‍ ഹുസൈന്‍ ഖാന്‍ രാജിവച്ചു.
സഖ്യ പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. അന്തിമ തീരുമാനമെടുക്കാന്‍ എല്‍ ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് പാസ്വാനെ ചുമതലപ്പെടുത്തി. ലാലുപ്രസാദിന്റെ ആര്‍ ജെ ഡിയുമായുള്ള ഈര്‍ഷ്യ എല്‍ ജെ പി മറച്ചുവെച്ചില്ല. ആര്‍ ജെ ഡി- കോണ്‍ഗ്രസ്- എല്‍ ജെ പി മഹാസഖ്യ സാധ്യത അടഞ്ഞുവെന്ന് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ പറഞ്ഞു. ബി ജെ പിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് എല്‍ ജെ പിക്ക് മുന്നില്‍ എല്ലാ മാര്‍ഗങ്ങളും തുറന്നുവെന്ന് അദ്ദേഹം മറുപടി നല്‍കി. ബി ജെ പിയുമായി സഖ്യമുണ്ടാക്കണമെന്നാണ് പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ രൂപപ്പെട്ട പൊതുവികാരം. ‘ലാലുപ്രസാദിനെ ജയിലില്‍ പോലും സന്ദര്‍ശിച്ചെങ്കിലും ജയില്‍മോചിതനായ ശേഷം ആര്‍ ജെ ഡി നേതാക്കള്‍ പറഞ്ഞത് എല്‍ ജെ പിക്ക് മൂന്ന് സീറ്റുകളേ നല്‍കുവെന്നാണ്. തുടര്‍ന്ന് സീറ്റ് പങ്കുവെക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസിനെ സമീപിച്ചു. മാസങ്ങള്‍ കാത്തിരുന്നിട്ടും ഒരു തീരുമാനവുമണ്ടായില്ല. എല്‍ ജെ പി വട്ടപ്പൂജ്യമാണെന്നും പ്രധാന്യമില്ലെന്നുമാണ് അവരുടെ നിലപാട്. ആര്‍ ജെ ഡി 25 സീറ്റുകളിലും കോണ്‍ഗ്രസ് 15 സീറ്റുകളിലും മത്സരിക്കും. സഖ്യത്തിന്റെ ഭാഗമായി പോലും എല്‍ ജെ പിയെ കാണുന്നില്ലെന്നാണ് ഇതിനര്‍ഥം. ഇതുകാരണമാണ് ബദല്‍ സഖ്യ സാധ്യതകള്‍ തേടാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയത്. ജെ ഡി യുവിനോടും സഖ്യത്തിന് തയ്യാറാണ്.’ പാസ്വാന്‍ പറഞ്ഞു. മോദി നയിക്കുന്ന ബി ജെ പിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന്, അതിന് എതിരല്ല എല്‍ ജെ പിയിലെ അഭിപ്രായങ്ങള്‍. മൂന്ന്, നാല് ദിവസങ്ങള്‍ക്കുള്ളില്‍ സഖ്യ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും പാസ്വാന്‍ പറഞ്ഞു.