ഐ സി സി ഫുട്‌ബോള്‍ ഫിയസ്റ്റ

Posted on: February 26, 2014 8:55 pm | Last updated: February 26, 2014 at 8:55 pm

അബുദാബി: യു എ ഇയിലെ പ്രമുഖ ഇന്ത്യന്‍ ടീമുകളെ സംഘടിപ്പിച്ച് ഐ സി സി നേതൃത്വത്തില്‍ ഫുട്‌േബാള്‍ ടൂര്‍ണമെന്റ് നടത്തുന്നു. ഫുട്‌ബോള്‍ ഫിയസ്റ്റ 2014 എന്ന പേരില്‍ 28 (വെള്ളി) രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ അബൂദബി ആംഡ് ഓഫിസേഴ്‌സ് ക്ലബ്ബ് സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും വെറ്ററന്‍സിനുമായി പ്രത്യേക മല്‍സരങ്ങള്‍ നടക്കും. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജനറല്‍ വിഭാഗത്തില്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്. 40 വയസ്സിന് മുകളിലുള്ളവരുടെ വെറ്ററന്‍സ് വിഭാഗത്തില്‍ ആറ് ടീമുകളും കുട്ടികളുടെ വിഭാഗത്തില്‍ രണ്ട് ടീമുകളും മാറ്റുരക്കും. ഫെബ്രുവരി 28ന് രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
രണ്ട് വിഭാഗത്തിലും ജേതാക്കള്‍ക്കും റണ്ണേഴ്‌സ് അപ്പിനും മൂന്നാം സ്ഥാനക്കാര്‍ക്കും ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. യു എ ഇയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഫ്രഷ് ആന്റ് മോര്‍ ആണ് ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍. എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍, യു എ ഇ എക്‌സ്‌ചേഞ്ച് എന്നിവയും സ്‌പോണ്‍സര്‍മാരാണ്. ഫുട്‌ബോള്‍ ഫിയസ്റ്റ ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ ഷുക്കൂര്‍, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ റഷീദ്, ഫ്രഷ് ആന്റ് മോര്‍ മാനേജര്‍ സക്കരിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.