പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി; രക്തചന്ദനം കടത്തിയവര്‍ പിടിയില്‍

Posted on: February 26, 2014 12:33 am | Last updated: February 26, 2014 at 12:33 am

തിരുവനന്തപുരം: പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി രക്തചന്ദനം കടത്തിയ മൂന്ന് പേരെ പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊളംബോയിലേക്കു പോയ ശ്രീലങ്കന്‍ എയര്‍വേസ് വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് 98 കിലോ രക്തചന്ദനം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. മൂന്ന് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ മാഹീന്‍ അബൂബക്കര്‍, കൃഷ്ണന്‍ നായര്‍, ബലരാമന്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റംസിന്റെയും മറ്റ് അധികൃതരുടെയും പരിശോധനകള്‍ക്കു ശേഷം പോയ യാത്രക്കാരായിരുന്നു ഇവര്‍.

രാവിലെ 9.45നാണ് വിമാനം പറന്നുയര്‍ന്നത്. പിന്നീട് പതിനഞ്ച് മിനുട്ട് കഴിഞ്ഞാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനം തിരികെയിറക്കാന്‍ അടിയന്തര സന്ദേശം നല്‍കിയത്. വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ രക്തചന്ദനം കടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കാന്‍ നിര്‍ദേശം നല്‍കിയത്. 10.15 ഓടെയാണ് വിമാനം തിരിച്ചിറക്കിയത്.
വിമാനത്തിനുള്ളിലെ യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ട് പേരുടെ ബാഗുകളില്‍ നിന്ന് രക്തചന്ദനം കണ്ടെത്തിയത്. സ്ഥിരമായി ശ്രീലങ്ക, കാനഡ എന്നിവിടങ്ങളില്‍ കച്ചവടത്തിനായി പോകുന്നവരാണിവരെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിമാനം പുറപ്പെടും മുമ്പ് തന്നെ കള്ളക്കടത്തിനെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിരുന്നുവെങ്കിലും എയര്‍ക്രാഫ്റ്റിംഗ് കണ്‍ട്രോള്‍ യൂനിറ്റുമായി ബന്ധപ്പെടാനെടുത്ത താമസമാണ് വിമാനം പുറപ്പെടാന്‍ കാരണമായതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പോളിത്തീന്‍ ഷീറ്റുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചതിനാലാണ് എക്‌സ് റേ സ്‌കാനറില്‍ രക്തചന്ദനം തെളിയാതിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. നിരോധിക്കപ്പെട്ട ഉത്പന്നങ്ങളാണ് ഇവരുടെ ബാഗുകളിലെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് സ്ഥിരീകരിച്ചതിനു ശേഷമാണ് എയര്‍ക്രാഫ്റ്റിംഗ് കണ്‍ട്രോള്‍ യൂനിറ്റുമായി ബന്ധപ്പെട്ട് വിമാനം തിരിച്ചിറക്കാന്‍ നിര്‍ദേശം നല്‍കിയത്. 11.40നാണ് പിന്നീട് വിമാനം കൊളംബോയിലേക്ക് തിരിച്ചത്.