Connect with us

International

ആണവോര്‍ജം പുനരുത്പാദിപ്പിക്കും

Published

|

Last Updated

ടോക്കിയോ: മൂന്ന് വര്‍ഷം മുമ്പ് ഫുക്കുഷിമ ആണവ റിയാക്ടര്‍ ഉണ്ടാക്കിയ ദുരന്തത്തിന് ശേഷം ആണവോര്‍ജ രംഗത്ത് ഉയിര്‍ത്തെഴുനേല്‍ക്കുകയാണെന്ന സന്ദേശം നല്‍കി ജപ്പാന്‍ ആണവ നയം പ്രഖ്യാപിച്ചു. ആണവ നയത്തിന്റെ കരടാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്. ആണവോര്‍ജം പുനരുത്പാദനം ചെയ്യുമെന്ന് ജപ്പാന്‍ പറയുന്നു. രാജ്യത്ത് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആണവോര്‍ജമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും കഴിഞ്ഞ ദിവസം കാബിനറ്റിന് മുന്നില്‍ വെച്ച കരട് നയം പറയുന്നു.
മാര്‍ച്ചില്‍ കരടിന് കാബിനറ്റ് അംഗീകാരം നല്‍കിയേക്കും. മറ്റ് ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തുന്ന മുറക്ക് ആണവോര്‍ജ പദ്ധതികള്‍ ഘട്ടം ഘട്ടമായി കുറക്കും. 2011 ലെ ദുരന്തത്തിന് ശേഷം കൂടുതല്‍ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ റിയാക്ടര്‍ തുറക്കൂ.
ജപ്പാനില്‍ 48 വ്യാവസായിക ന്യൂക്ലിയര്‍ റിയാക്ടറുകളാണുള്ളത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ഇവക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കൂ. പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളെയും പുനരുത്പാദന ഊര്‍ജ സ്രോതസ്സുകളെയും പരിപോഷിപ്പിക്കാനും ജപ്പാന് പദ്ധതിയുണ്ട്. ഫോസില്‍ ഇന്ധനം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
ഉന്നതാധികാര സമിതിയാണ് കരട് നയം തയ്യാറാക്കിയത്. ഇത് വീണ്ടും പരിഷ്‌കരിക്കാന്‍ മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ ജപ്പാന്‍ പുതിയ ഊര്‍ജ സ്രോതസ്സുകളെ കുറിച്ച് ചിന്തിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രി തോഷിമിത്സു പറഞ്ഞു.