വിദേശികളെ പിരിച്ചു വിടാന്‍ ഉദ്ദേശ്യമില്ലെന്ന് മന്ത്രാലയം

Posted on: February 25, 2014 7:07 pm | Last updated: February 25, 2014 at 7:07 pm

siraj 02 omnമസ്‌കത്ത്: സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിശ്ചിത എണ്ണം വിദേശികളെ പിരിച്ചു വിടാന്‍ ഉദ്ദേശ്യമില്ലെന്ന് മാനവ വിഭവ മന്ത്രാലയം വ്യകതമാക്കി. ഇതിനായി പ്രത്യേക സമയക്രമവും നിശ്ചയിച്ചിട്ടില്ല. വിദേശികളുടെ സാന്നിധ്യം 39 ശതമാനത്തില്‍നിന്നും 33 ശതമാനമായി കുറക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് പതിനായിരക്കണക്കിനു വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ടാണ് മന്ത്രാലയം വിശദീകരണം നല്‍കിയതെന്ന് മസ്‌കത്ത് ഡൈലി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിനാണ് പരിശ്രമിക്കുന്നത്. വിദേശികളെ പിരിച്ചു വിടുക എന്നത് ഉദ്ദേശ്യമല്ല. 2013 ഒടുവിലെ കണക്കനുസരിച്ച് രാജ്യത്തെ സ്വകാര്യ മേഖലയില്‍ ആകെയുള്ള തൊഴിലാളികള്‍ 1,776,583 പേരാണ്. ഇതില്‍ 224,698 പേര്‍ മാത്രമാണ് ഒമാനികള്‍. 1,551,885 പേര്‍ വിദേശികളാണ്. 1,308,981 പേര്‍ വാണിജ്യ മേഖലയിലും 242,904 പേര്‍ പ്രത്യേക വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. അതേസമയം, രാജ്യത്തെ ആകെ ജനസംഖ്യ 3,981,000 ആണ്. ഇതില്‍ 2,229,360 ഒമാനികളും ശേഷിക്കുന്ന 1,751,640 പേര്‍ വിദേശികളുമാണ്. ജനസംഖ്യയുടെ 44 ശതമാനമുള്ള വിദേശികളുടെ ആകെ സാന്നിധ്യം 33ലേക്കു ചുരുക്കുകയാണ് ലക്ഷ്യം. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്.

എന്നാല്‍ ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്രമേണയാണ് സ്വദേശി സാന്നിധ്യം കുറക്കുക. അതുകൊണ്ടു തന്നെ രാജ്യത്ത് ഇപ്പോള്‍ നടന്നു വരുന്ന പദ്ധതികളെയോ നിര്‍മാണങ്ങളെയോ ഒന്നും ഇതു ബാധിക്കില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം മാനവവിഭവ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി നടത്തിയ വര്‍ത്താ സമ്മേളനത്തിലാണ് സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. ഒമാനികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിനും തൊഴിലില്ലായ്മ കുറച്ചു കൊണ്ടു വരുന്നതിനുമുള്ള നടപടികള്‍ അറിയിച്ചു കൊണ്ടാണ് സ്വദേശികളുടെ സാന്നിധ്യം കുറക്കുമെന്നും വ്യക്തമാക്കിയത്. എന്നാല്‍, ഇത് വിദേശികളെ പെട്ടെന്നു പിരിച്ചു വിട്ടു കൊണ്ടുള്ള നടപടിയാകില്ലെന്നാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.