സുധീരന്‍ അപമാനിച്ചുവെന്ന് സുകുമാരന്‍ നായര്‍; മറുപടിയുമായി സുധീരന്‍

Posted on: February 25, 2014 4:12 pm | Last updated: February 26, 2014 at 12:08 am

 

sukumaran nair and sudheeranചങ്ങനാശ്ശേരി: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്‍ എസ് എസിനെയും മന്നത്ത് പത്മനാഭനെയും അപമാനിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയിട്ടും തന്നെ കാണാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് സുകുമാരന്‍ നായരുടെ ആരോപണം. എന്നാല്‍ സുകുമാരന്‍ നായരുമായി താന്‍ കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനുപറ്റിയ സമയമായിരുന്നില്ല രാവിലെയെന്നും സുധീരന്‍ പ്രതികരിച്ചു.

എന്‍.എസ്.എസ് നേതാക്കളെ കാണാനെത്തുന്നവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. ആരോഗ്യകാരണത്താലാണ് സുധീരന്‍ വന്ന സമയത്ത് മുറിയിലേക്ക് പോയത്. എന്നാല്‍ 10 മിനിറ്റ് പോലും കാത്തുനില്‍ക്കാന്‍ സുധീരന് കഴിഞ്ഞില്ല. പെരുന്നയിലെ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ സുധീരന്‍ ശ്രമിച്ചു. മുമ്പ് പെരുന്നയില്‍ കാത്തുകെട്ടികിടന്നയാളാണ് സുധീരന്‍. താന്‍ സുധീരനെ ഷാളുമായി മുറിയില്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നും സുകുമാരന്‍ പറഞ്ഞു.

അതേസമയം, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശീക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. യാത്ര വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സമുദായനേതാക്കളോട് ബഹുമാനം മാത്രമേയുള്ളൂ. താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യം വിവാദമായതില്‍ വേദനയുണ്ട്. തന്നെ വെറുതെവിടണമെന്നും അദ്ദേഹം പറഞ്ഞു.