മികച്ച കലക്ടര്‍ എം സി മോഹന്‍ദാസ

Posted on: February 25, 2014 7:43 am | Last updated: February 25, 2014 at 7:43 am

മലപ്പുറം: സംസ്ഥാനത്തെ മികച്ച കലക്ടര്‍ക്കുള്ള 2013 ലെ അവാര്‍ഡ് മുന്‍ ജില്ലാ കലക്ടറും ലാന്‍ഡ് റവന്യൂ കമ്മീഷണറുമായ എം സി മോഹന്‍ദാസിന് ലഭിച്ചു. 2013 മെയ് 31 വരെയായായിരുന്നു ജില്ലയില്‍ എം സി മോഹന്‍ദാസ് കലക്ടറായിരുന്നത്. 2013 ജൂണ്‍ മൂന്നിന് ജില്ലയില്‍ ചുമതലയേറ്റ ജില്ലാ കലക്ടര്‍ കെ ബിജുവിന് പ്രത്യേക പുരസ്‌കാരവും ലഭിച്ചു.
2009 മുതല്‍ 2013 മെയ് വരെ ജന്മനാടായ മലപ്പുറത്ത് ജില്ലാ കലക്ടറായി സേവമനുഷ്ഠിച്ച എം സി മോഹന്‍ദാസ് ഈ കാലയളവില്‍ ജില്ലയുടെ സമഗ്ര വികസനത്തിനും ക്ഷേമത്തനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. വിവിധ മേഖലകളില്‍ ജില്ലയെ മാതൃകാ ജില്ലയാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ദുരന്തനിവാരണ നിയമത്തിലെ സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ചതും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 516 തടയണകള്‍ നിര്‍മിച്ചതും മാതൃകാപരമായ പ്രവര്‍ത്തനമായി വിലയിരുത്തി. 3188 അനര്‍ഹരെ ബി പി എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി രോഗാതുരരായ അംഗങ്ങളുള്ള 1231 കുടുംബങ്ങള്‍ക്ക് ബി പി എല്‍ കാര്‍ഡ് നല്‍കിയിരുന്നു. അനര്‍ഹമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയതിന് പിഴ ഈടാക്കിയത് അനര്‍ഹര്‍ സ്വയം ഒഴിഞ്ഞ് പോകുന്നതിന് വഴിയൊരുക്കി. റിവര്‍ മാനെജ്‌മെന്റ് ഫണ്ടില്‍ 65 കോടി സ്വരൂപിക്കാന്‍ കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കായി 2012 ല്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഐ സി ഡി എസ് അവാര്‍ഡിന് അര്‍ഹനാക്കിയത് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനത്തിനായിരുന്നു. കോട്ടക്കുന്നിനെ വൃക്ഷവത്കരണത്തിലൂടെ 42 ലക്ഷത്തോളം പ്രതിവര്‍ഷ വരുമാനമുള്ള കേന്ദ്രമാക്കിയതും ഇക്കാലയളവില്‍ ആയിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ്, മലയാള സര്‍വകലാശാല, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പ്രത്യേക കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയത് യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയതിനാലായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഇ – ഡിസ്ട്രിക് പദ്ധതി രണ്ട് മാസത്തിനകം എല്ലാ താലൂക്കുകളിലും നടപ്പാക്കി. സുതാര്യകേരളം ജില്ലാതല സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ഓഫീസുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതും ജില്ലയില്‍ മാത്രമാണ്.
ചുരുങ്ങിയ കാലയളവില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് മുന്‍തൂക്കം കൊടുത്ത് പൊതുജനങ്ങളുടെ പരാതി പരമാവധി പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമുള്‍പ്പെടെയുള്ള മാതൃകാപരമായ പ്രവര്‍ത്തന ശൈലിക്കാണ് കെ ബിജുവിന് അവാര്‍ഡ്. പട്ടികവിഭാഗക്കാരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലയില്‍ 229 സെറ്റില്‍മെന്റുകളിലെ വിവിധ ഗോത്രവര്‍ഗക്കാരുടെ അടിസ്ഥാന വിവരശേഖരണം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും സുതാര്യമായും ജനങ്ങളിലെത്തിക്കുന്നതിനായി ഇ – ഗവേണന്‍സ് പദ്ധതികള്‍ വിജയകരമായി നടപ്പാക്കി. അനധികൃത മണല്‍കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് ‘ഇ – ഓക്ഷന്‍’ സോഫ്റ്റ്‌വേര്‍, ‘മലപ്പുറം വണ്‍’ സര്‍വീസ് പോര്‍ട്ടല്‍, ഇ-മണല്‍ സോഫ്റ്റ്‌വേര്‍, കമ്പ്യൂട്ടര്‍വത്കൃത പൊതുജന പരാതി പരിഹാര സെല്‍ എന്നിവ ഇക്കാലയളവിലാണ് നടപ്പാക്കിയത്.
ജില്ലയിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡിനര്‍ഹരായവര്‍: ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍ (എല്‍ ആര്‍), തഹസില്‍ദാര്‍. എം ടി ജോസഫ് (പെരിന്തല്‍മണ്ണ), ഡെപ്യൂട്ടി തഹസില്‍ദാര്‍ എ ശിഹാബുദ്ദീന്‍ (ഏറനാട്), വില്ലേജ് ഓഫീസര്‍: സി കെ ഗീത (നന്നംമുക്ക്), എ വേണുഗോപാലന്‍ (ഏലംകുളം), പി രാജഗോപാലന്‍ ( നിലമ്പൂര്‍).്‌