Connect with us

Kozhikode

പശ്ചിമഘട്ട ജനസംരക്ഷണ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു

Published

|

Last Updated

താമരശ്ശേരി: ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട ജനസംരക്ഷണ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു. സര്‍ക്കാറിന്റെ ഉറപ്പുകളും യു ഡി എഫിന്റെ പിന്‍മാറ്റവും കാരണമായി അനിശ്ചിതത്വത്തിലായ പ്രക്ഷോഭം ശക്തമാക്കാന്‍ താമരശ്ശേരി രൂപതയാണ് മുന്‍കൈയടുക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയോരത്ത് പഞ്ചായത്ത് തലത്തില്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നുവെങ്കിലും വിവിധ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും സമരരംഗത്തുനിന്നും പിന്‍മാറിയിരുന്നു.
സമരത്തില്‍ നിന്നും പിന്‍മാറുന്നതായി പുതുപ്പാടി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയാണ് ആദ്യമായി പരസ്യ പ്രഖ്യാപനം നടത്തിയത്. മലയോര ഹര്‍ത്താലിനിടെ പുതുപ്പാടിയില്‍ പോലീസിന് നേരെ വ്യാപക അക്രമം അരങ്ങേറുകയും നിരവധിപേര്‍ ജയിലിലടക്കപ്പെടുകയും ചെയ്തതോടെയാണ് നിയന്ത്രണമില്ലാത്ത സമരത്തിനില്ലെന്ന് യു ഡി എഫ് പ്രഖ്യാപിച്ചത്. ഇതോടെ സഭാ നേതൃത്വം പുതുപ്പാടിയിലെ യു ഡി എഫ് നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും യു ഡി എഫ് തീരുമാനത്തിലുറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ തിരുവമ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലും യു ഡി എഫ് സമര രംഗത്തുനിന്നും പിന്‍മാറുകയായിരുന്നു. പശ്ചിഘട്ട ജനസംരക്ഷണ സമിതിയുടെ പേരിലുള്ള സമരങ്ങള്‍ സി പി എം നേതൃത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആയുധമാക്കുന്നതായും യു ഡി എഫ് ആരോപിച്ചിരുന്നു.
നിര്‍ജീവമായ സമരം ശക്തമാക്കാനാണ് താമരശ്ശേരി രൂപതയുടെയും പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെയും തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ അഞ്ച് പേര്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഫാ. അജി പുതിയാപറമ്പില്‍, ജോയി കണ്ണംചിറ, സി എന്‍ പുരുഷോത്തമന്‍, അഡ്വ. ബിജു കണ്ണന്തറ, ഒ ഡി തോമസ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് ആയിരക്കണക്കായ വീട്ടമ്മമാര്‍ കലക്ടറേറ്റിലേക്ക് വിലാപ റാലിയും നടത്തും.
റാലിയില്‍ കോഴിക്കോടിന് പുറമെ സമീപ ജില്ലകളിലെയും ഇ എസ് എ വില്ലേജുകളില്‍നിന്നുള്ളവര്‍ പങ്കെടുക്കും. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും സമര രംഗത്തിറങ്ങുന്നത് യു ഡി എഫ് നേതൃത്വത്തെയും ആശങ്കയിലാക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest