Connect with us

Ongoing News

എ സി മോഹന്‍ദാസ് മികച്ച കലക്ടര്‍; ശൈഖ് പരീതിന് രണ്ടാം സ്ഥാനം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച കലക്ടറായി മലപ്പുറം ജില്ലാ കലക്ടറായിരുന്ന എം സി മോഹന്‍ദാസിനെയും രണ്ടാമത്തെ കല ക്ടറായി എറണാകുളം കലക്ടറായിരുന്ന പി ഐ ഷെയ്ക്ക് പരീതിനെയും തിരഞ്ഞെടുത്തു. കുറഞ്ഞ കാലയളവിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ ബിജു മികച്ച കലക്ടര്‍ക്കുള്ള പ്രത്യേക അവാര്‍ഡിനും അര്‍ഹനായി. റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി വി ജെ ടി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശും അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മലപ്പുറത്ത് 2009 മുതല്‍ 2013 വരെ കലക്ടറായിരുന്നപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 516 തടയണകള്‍ നിര്‍മിച്ചതും വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ദുരന്ത നിവാരണ നിയമത്തിലെ എല്ലാ സാധ്യതകളും ഉപയോഗിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും, സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് എം സി മോഹന്‍ദാസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നിലവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറാണ്.
ആതുരശുശ്രൂഷാ രംഗത്ത് എറണാകുളം ജില്ലയില്‍ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും റവന്യൂ വരുമാനത്തില്‍ ആയിരം കോടി രൂപയോളം മുതല്‍കൂട്ടിയതും മെട്രോ റെയില്‍, സ്മാര്‍ട്ട്‌സിറ്റി ഉള്‍പ്പെടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതിനാണ് പി ഐ ഷെയ്ക്ക് പരീതിന് മികച്ച രണ്ടാമത്തെ ജില്ലാ കലക്ടര്‍ സ്ഥാനം ലഭിച്ചത്. നിലവില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്.
ഇ-ഓക്ഷന്‍ സോഫ്റ്റ്‌വെയര്‍, ഇ-മണല്‍ സോഫ്റ്റ്‌വെയര്‍, മലപ്പുറം സര്‍വീസ് പോര്‍ട്ടല്‍, കമ്പ്യൂട്ടര്‍വത്കൃത പൊതുജന പരാതി പരിഹാര സെല്‍ എന്നിവയിലൂടെ സുതാര്യമായും വേഗത്തിലും നടത്തിയ ജനസേവന പ്രവര്‍ത്തനങ്ങളാണ് കെ ബിജുവിന് മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം നേടിക്കൊടുത്തത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ വി രതീശന്‍ സ്തുത്യര്‍ഹമായ സേവനത്തിനുള്ള പ്രത്യേക അവാര്‍ഡിന് അര്‍ഹനായി. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയിപ്പിക്കുന്നതിന് നടത്തിയ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച അസിസ്റ്റന്റ് കമ്മീഷണര്‍ക്കുള്ള അവാര്‍ഡിന് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എ ഗീത അര്‍ഹയായി.
മികച്ച ഡപ്യൂട്ടി കലക്ടര്‍മാര്‍ (പേര്, ജില്ല ക്രമത്തില്‍): വി ആര്‍ വിനോദ്- തിരുവനന്തപുരം(ജനറല്‍), കെ ടി വര്‍ഗീസ് പണിക്കര്‍ – കൊല്ലം(ആര്‍ ആര്‍), കെ പി തമ്പി -ആലപ്പുഴ(ജനറല്‍), യമുന രവീന്ദ്രന്‍- പത്തനംതിട്ട, സി കെ പ്രകാശ്- കോട്ടയം(ആര്‍ ആര്‍), കെ മുഹമ്മദ് വൈ സഫറുല്ല- സബ് കലക്ടര്‍ ഇടുക്കി, ബി രാമചന്ദ്രന്‍- എറണാകുളം, ഡോ. പി കെ ജയശ്രീ- തൃശൂര്‍(ജനറല്‍), കെ ഗണേശന്‍ പാലക്കാട്(ജനറല്‍), വി രാമചന്ദ്രന്‍- മലപ്പുറം(എല്‍ ആര്‍), മില്‍റെഡ് നിര്‍മല നെറ്റാര്‍- കോഴിക്കോട്(എല്‍ ആര്‍), എന്‍ ടി മാത്യു- വയനാട്(ജനറല്‍), പി കെ ഗോപാലന്‍- കണ്ണൂര്‍(ആര്‍ ആര്‍-റിട്ടയേര്‍ഡ്), എന്‍ ദേവിദാസ്- കാസര്‍കോട്(ഇലക്ഷന്‍). ഇതിനുപുറമെ മികച്ച ഡപ്യൂട്ടി ഡയറക്ടര്‍(സര്‍വേ), തഹസില്‍ദാര്‍-സര്‍വേ സൂപ്രണ്ട്, ഡപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍, മികച്ച വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest