വര്‍ഗീയ പ്രസംഗവുമായി മോദി അസമില്‍

Posted on: February 23, 2014 12:43 am | Last updated: February 23, 2014 at 12:43 am

modiസില്‍ച്ചാര്‍ (അസം): ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരെ രാജ്യം ഉള്‍ക്കൊള്ളണമെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. പാര്‍ട്ടി അധികാരത്തിലേറിയാല്‍ കുടിയേറ്റക്കാരെ പിടികൂടി പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ പൊളിച്ചെറിയുമെന്നും അസമിലെ രാംനഗറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ മോദി കൂട്ടിച്ചേര്‍ത്തു.
‘മറ്റ് രാഷ്ട്രങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും ബുദ്ധിമുട്ടുകയും ചെയ്യുന്ന ഹിന്ദുക്കളോട് ഞങ്ങള്‍ക്ക് പ്രതിപത്തിയുണ്ട്. അവരെവിടെ പോകും? ഇന്ത്യ മാത്രമാണ് അവര്‍ക്ക് അഭയം. അവരെ പീഡിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാറിന് കഴിയില്ല. അവര്‍ക്കു കൂടി താമസ സൗകര്യങ്ങള്‍ ചെയ്തു ് കൊടുക്കേണ്ടതുണ്ട്.’ മോദി പറഞ്ഞു. ഈ ഭാരം മുഴുവന്‍ അസം വഹിക്കണമെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. പുതിയ ജീവിതം ആരംഭിക്കാന്‍ രാജ്യത്തുടനീളം പാര്‍പ്പിട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. മുമ്പ് പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ രാജസ്ഥാനിലും ഗുജറാത്തിലുമാണ് എത്തിയിരുന്നത്. എന്നാല്‍, അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് രാജ്യത്ത് എല്ലായിടത്തും ഇവരെ പാര്‍പ്പിച്ചു.
ക്യാമ്പില്‍ പാര്‍പ്പിച്ചതോടെ ഹിന്ദു കുടിയേറ്റക്കാരുടെ മനുഷ്യാവകാശകാശങ്ങളെയാണ് അസമിലെ വോട്ട്‌ബേങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായ സര്‍ക്കാര്‍ ഹനിച്ചത്. സംശയത്തിന്റെ നിഴലിലുള്ള വോട്ടര്‍മാര്‍ എന്ന ചാപ്പ കുത്തി ഒരു വിഭാഗം ജനങ്ങളുടെ വോട്ടവകാശത്തെയും കോണ്‍ഗ്രസിന്റെ വോട്ട് ബേങ്ക് രാഷ്ട്രീയം നിഷേധിക്കുന്നു. സംശയാസ്പദ വോട്ടര്‍മാര്‍ എന്ന വിശേഷണം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മോദി ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് വന്നവര്‍ രണ്ട് വിഭാഗമാണ്. വോട്ട്‌ബേങ്ക് രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഇവിടേക്ക് എത്തിയവരും അയല്‍രാജ്യത്തെ പീഡനം കാരണം എത്തിയവരും. വോട്ട് ബേങ്ക് രാഷ്ട്രീയത്തിന് വേണ്ടി എത്തിച്ചവരെയും കള്ളക്കടത്തുകാരെയും തിരിച്ചയക്കണം. രണ്ടാമത്തെ വിഭാഗത്തിന് രാജ്യത്ത് സ്ഥാനം നല്‍കുകയും വേണം. ‘ബംഗ്ലാദേശിന് തൊട്ടടുത്താണ് അസം. പാക്കിസ്ഥാന്‍ ഗുജറാത്തിന് അടുത്തും. അസമിനെ ബംഗ്ലാദേശ് പീഡിപ്പിക്കുന്നു. അതേസമയം, ഞാന്‍ കാരണം പാക്കിസ്ഥാന്‍ ക്ലേശം അനുഭവിക്കുന്നു. ബംഗ്ലാദേശുകാരുടെ പീഡനത്തോടുള്ള സഹിക്കുകയാണോ അതോ അന്ത്യം വരുത്തണോ? നിങ്ങളുടെ ഉത്തരം കേള്‍ക്കാന്‍ ഞാന്‍ വരും. എന്നെ വിശ്വസിക്കൂ; അധികാരത്തിലേറിയാല്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീര്‍ച്ചയായും എത്തും.’ മോദി പറഞ്ഞു.