ഉക്രൈന്‍ ഭരണ പ്രതിസന്ധിയിലേക്ക്‌

Posted on: February 23, 2014 12:39 am | Last updated: February 23, 2014 at 12:39 am

ukraine

കീവ്: സമാധാന കരാര്‍ ലംഘിച്ച് ഉക്രൈനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ പ്രസിഡന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി. തലസ്ഥാനമായ കീവിലെ ഭരണ സിരാകേന്ദ്രങ്ങളില്‍ അതിക്രമിച്ചു കയറിയ പ്രക്ഷോഭകര്‍ ആക്രമണങ്ങള്‍ നടത്തുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭരണപക്ഷ പാര്‍ട്ടി നേതാക്കളെയും കൈകാര്യം ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികളായ പ്രക്ഷോഭകര്‍ തലസ്ഥാന നഗരം കൈയടക്കിയതോടെ പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ചിനെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
യാന്‍കോവിചിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏത് സമയവും അട്ടിമറിക്കപ്പെടാന്‍ ഇടയുണ്ട്. പ്രക്ഷോഭം കണക്കിലെടുത്ത് പാര്‍ലിമെന്റ് സ്പീകറെയും അറ്റോണി ജനറലിനെയും എം പിമാര്‍ മാറ്റി. കൂടാതെ പ്രതിപക്ഷ അനുഭാവിയായ നേതാവിനെ ആഭ്യന്തര മന്ത്രിയായി നിയമിക്കുകയും ചെയ്തു. ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവായ യൂലിയ ടിമോഷെന്‍കൊയെ വിട്ടയക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, പ്രസിഡന്റ് രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതൃത്വമുള്ളത്. യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് പ്രതിപക്ഷവും ഇടക്കാല തിരഞ്ഞെടുപ്പ് നടത്താമെന്ന് പ്രസിഡന്റും വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമാധാന കരാര്‍ അംഗീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തയ്യാറായില്ല.
അതേസമയം, ഭരണം അട്ടിമറിക്കാനുള്ള ഗൂഢ ശ്രമമാണ് പ്രതിക്ഷ നേതാക്കളും പ്രക്ഷോഭകരും നടത്തുന്നതെന്ന് പ്രസിഡന്റ് യാന്‍കോവിച് വ്യക്തമാക്കി. അജ്ഞാത കേന്ദ്രത്തില്‍വെച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയുമായി സംസാരിക്കവെയാണ് അദ്ദേഹം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്. രാജ്യം പ്രശ്‌നങ്ങളാല്‍ കലുഷിതമായ സാഹചര്യത്തില്‍ രാജിവെച്ച് സ്ഥാനം ഒഴിയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജനാധിപത്യ മാര്‍ഗത്തിലൂടെ നിയമാനുസൃതം അധികാരത്തിലേറിയവനാണ് ഞാന്‍. ഭയന്നോടാനോ രാജിവെക്കാനോ ഞാന്‍ തയ്യാറല്ല. കരാര്‍ ലംഘിച്ച് പ്രക്ഷോഭകര്‍ നടത്തുന്നത് കിരാതവാഴ്ചയും കൊള്ളയുമാണ്. അക്രമാസക്തമായ പ്രക്ഷോഭത്തിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.’ യാന്‍കോവിച് വ്യക്തമാക്കി.
അതിനിടെ, ഉക്രൈന്‍ പ്രക്ഷോഭകര്‍ നടത്തുന്നത് ന്യായീകരിക്കാനാകാത്ത കലാപമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയനുമായുള്ള കരാര്‍ മരവിപ്പിച്ച് റഷ്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാരംഭിച്ച പ്രക്ഷോഭത്തിനിടെ ഇതുവരെ നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.