ആദര്‍ശപരമായ ഐക്യത്തിന് തയ്യാര്‍: കാന്തപുരം

Posted on: February 22, 2014 12:13 am | Last updated: February 22, 2014 at 8:03 pm

Kanthapuram at thajul ulama conf mlpമലപ്പുറം: ആശയാദര്‍ശം പാലിച്ചു കൊണ്ടുള്ള സുന്നി ഐക്യമാണ് അഗ്രഹിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐക്യത്തിന് ആരും എതിരല്ല. അഹ്‌ലുസ്സുന്നയുടെ ആശയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ഐക്യം വേണ്ട. ഇക്കാര്യം സമസ്തയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അന്നു തന്നെ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചതാണ്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് യഥാസമയത്ത് പ്രഖ്യാപിക്കും. അത് സംഘടനാ ചാനലുകളിലൂടെ പ്രവര്‍ത്തകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഹ്‌ലുസ്സുന്നയുടെ ആശയങ്ങളെ എക്കാലവും ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ഉള്ളാള്‍ തങ്ങള്‍ ചെയ്തത്. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി സമസ്തയെ മാറ്റുന്നതില്‍ താജുല്‍ ഉലമയുടെ ദീര്‍ഘവീക്ഷണമുള്ള നിലപാടുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമസ്തയുടെ കഴിഞ്ഞ അമ്പത് വര്‍ഷത്തെ ചരിത്രം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പൊതുപ്രവര്‍ത്തനത്തിന്റെ ചരിത്രം കൂടിയാണ്. ആധുനിക കേരളത്തിലെ മുസ്‌ലിം സ്വത്വത്തെ രൂപപ്പെടുത്തിയത് ഈ ചരിത്രമാണെന്നും കാന്തപുരം പറഞ്ഞു.