Connect with us

International

തിരഞ്ഞെടുപ്പിന് പ്രസിഡന്റ് തയ്യാറായി; ഉക്രൈന്‍ ശാന്തമാകുന്നു

Published

|

Last Updated

കീവ്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഉക്രൈനില്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാക്കളും വ്യക്തമാക്കി. ഇതോടെ മൂന്ന് മാസത്തോളമായി ഉക്രൈനില്‍ നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് താത്കാലികമായെങ്കിലും അന്ത്യമായിരിക്കുകയാണ്. അക്രമാസക്തമായ പ്രക്ഷോഭത്തില്‍ ഇതുവരെ നൂറോളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടന്ന മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ഇടക്കാല തിരഞ്ഞെടുപ്പിന് പ്രസിഡന്റ് സമ്മതം മൂളിയത്. പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറച്ച് ഭരണഘടന പരിഷ്‌കരിക്കുന്നതിനും ഐക്യസര്‍ക്കാറിന് അധികാരം കൈമാറാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ജര്‍മനി, പോളണ്ട് എന്നി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. 2004ലെ ഭരണഘടന 48 മണിക്കൂറിനുള്ളില്‍ തിരുത്തുക, പത്ത് ദിവസത്തിനുള്ളില്‍ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കുക തുടങ്ങി പ്രക്ഷോഭക നേതൃത്വം ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം പ്രസിഡന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് ഉക്രൈന്‍ ദേശീയ വാര്‍ത്താ ഏജന്‍സികായ ഐ സി ടി വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്യവസ്ഥകള്‍ ഇരുകൂട്ടരും ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ലെന്നും അതിനുശേഷമെ അവ പരസ്യപ്പെടുത്തുകയുള്ളൂവെന്നും ചര്‍ച്ചക്ക് മധ്യസ്ഥം വഹിച്ച പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സികോര്‍സ്‌കി വ്യക്തമാക്കി.
മധ്യസ്ഥ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ശക്തമായ ഏറ്റുമുട്ടലാണ് തലസ്ഥാനമായ കീവിലും സമീപ നഗരങ്ങളിലും ഉണ്ടായത്. പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ അക്രമികളായ പ്രക്ഷോഭകര്‍ കല്ലെറിയുകയും മറ്റും ചെയ്തതായി പോലീസ് മേധാവികള്‍ അറിയിച്ചു. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതോടെ തലസ്ഥാന നഗരിയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ അരങ്ങേറുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഇതുവരെ 75 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
യൂറോപ്യന്‍ യൂനിയനുമായുള്ള കരാറില്‍ നിന്ന് പിന്മാറി റഷ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഉക്രൈന്‍ പ്രസിഡന്റിന്റെ തീരുമാനമാണ് രാജ്യവ്യാപകമായ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. കഴിഞ്ഞ നവംബറിലാണ് കീവ് കേന്ദ്രീകരിച്ച് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.

Latest