പാം ദ്വീപില്‍ 80 കോടി ദിര്‍ഹം ചിലവില്‍ ‘ദി പോയിന്റ്’

Posted on: February 21, 2014 6:34 pm | Last updated: February 21, 2014 at 6:38 pm

palmദുബൈ: പാം ഐലന്റില്‍ 80 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന വാണിജ്യ, ഉല്ലാസ കേന്ദ്രങ്ങള്‍ ദീര്‍ഘകാല പാട്ടത്തിന് നല്‍കിത്തുടങ്ങി. 1.36 ലക്ഷം ചതുരശ്ര മീറ്ററിലാണ് നിര്‍മാണം. ദി പോയിന്റ് എന്ന പേരില്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന്റെ നിര്‍മാണം ഡെവലപ്പര്‍മാരായ നഖീല്‍ നേരിട്ടു നടത്തും. ദി പോയിന്റ് നിര്‍മാണത്തിന് ഗള്‍ഫ് ടെക്‌നിക്കല്‍ കമ്പനിയുമായി കരാറൊപ്പിട്ടുവെന്ന് നഖീല്‍ വൃത്തങ്ങള്‍ അറിയിച്ചു.
37.5 കോടി ഡോളറിന്റേതാണ് കരാര്‍. പാം ജുമൈറയുടെ അറ്റത്താണ് നിര്‍മാണം. ഇവിടെ റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ നിരവധി വാണിജ്യ സ്ഥാപനങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. 2016ല്‍ പൂര്‍ത്തിയാകും. ഇവിടേക്ക് മോണോ റെയില്‍ ഏര്‍പ്പെടുത്തും. ഇതിനു പുറമെ ബോട്ട് സര്‍വീസും സാധ്യമാക്കും. 1,600 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. 70 ശതമാനം സ്ഥലം പാട്ടത്തിനു നല്‍കിയതായും അധികൃതര്‍ പറഞ്ഞു.