കേരള തീരങ്ങളില്‍ നിന്ന് കോടികളുടെ കരിമണല്‍ കടത്തി

Posted on: February 20, 2014 11:10 pm | Last updated: February 20, 2014 at 11:10 pm

karimanalതിരുവനന്തപുരം: സംസ്ഥാനത്തെ സമുദ്ര തീരങ്ങളില്‍ നിന്ന് അനധികൃതമായി കോടികളുടെ കരിമണല്‍ കടത്ത് നടന്നുവെന്ന് െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ട്. എ ഡി ജി പി വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെതാണ് കണ്ടെത്തല്‍. പോലീസുകാരുടെ സഹായം കള്ളക്കടത്തിനുണ്ടായിരുന്നുവെന്നും സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ കര്‍ശന നടപടിയെടുക്കാന്‍ ദക്ഷിണ മേഖലാ എ ഡി ജി പി പത്മകുമാറിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

വൈകുണ്ഡരാജന്റെ ഉടമസ്ഥതയില്‍ തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്ന വി വി മിനറല്‍സും ബിനാനിപുരത്ത് പ്രവര്‍ത്തിക്കുന്ന സി എം ആര്‍ എല്ലിന്റെ ഉടമ ശശിധരന്‍ കര്‍ത്തയും കരിമണല്‍ കടത്തിയതായി െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വി വി മിനറല്‍സ് കേരളത്തില്‍ നിന്ന് മണല്‍ കടത്തിയതെന്ന് െ്രെകം ബ്രാഞ്ച് സ്ഥാപിക്കുന്നു.
1999- 2000 വര്‍ഷത്തില്‍ ആറായിരം മെട്രിക് ടണ്ണാണ് വി വി മിനറല്‍സിന്റെ കയറ്റുമതി. അടുത്ത വര്‍ഷം ഇത് അമ്പതിനായിരം ടണ്ണായി. 2006 ആയപ്പോള്‍ രണ്ടര ലക്ഷം ടണ്ണായി ഉയര്‍ന്നു. അതേസമയം, തമിഴ്‌നാട്ടില്‍ ഖനനം വര്‍ധിച്ചില്ല. എന്നാല്‍, ഈ കാലയളവില്‍ കയറ്റുമതി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്ന് കടത്തിയ കരിമണലാണ് കയറ്റുമതി ചെയ്തതെന്ന് തെളിയിക്കുന്നതാണ് രേഖകള്‍. വൈകുണ്ഡരാജന്‍ ആറാട്ടുപുഴയില്‍ ഭൂമി വാങ്ങിയ ശേഷമാണ് കയറ്റുമതി കൂടിയത്. ഇവിടെ നിന്ന് കരിമണല്‍ കടത്തിയിട്ടുണ്ടെന്നും എ ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസുകാരുടെ ഒത്താശയോടെയും ഒരു വിഭാഗം നാട്ടുകാരുടെ സഹായത്തോടെയുമാണ് കരിമണല്‍ കടത്തല്‍ നടന്നത്. വീടുകളുടെ മുന്നില്‍ ചാക്കിലാക്കി കൂട്ടിയിടുന്ന മണല്‍ ട്രോളിയിലും ഓട്ടോയിലും മറ്റൊരു സ്ഥലത്ത് എത്തിച്ചാണ് മണല്‍ക്കടത്ത് നടക്കുന്നത്. ഇവിടെ ശേഖരിക്കുന്ന മണല്‍ ലോറികളില്‍ കയറ്റിയാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. തൃക്കുന്നപ്പുഴ സ്റ്റേഷനില്‍ മാത്രം മണല്‍ കടത്താനുപയോഗിച്ച തൊണ്ടി മുതലുകളായി നൂറിലധികം ട്രോളികളാണ് പിടിച്ചിട്ടുള്ളത്. എന്നാല്‍, പിടിച്ചെടുത്ത ഈ ഉപകരങ്ങണളുടെ ഉടമസ്ഥരെ ആരെയും പോലീസ് കേസില്‍ പ്രതിയാക്കിയിട്ടില്ല. കരിമണല്‍ ഖനനത്തിനായി ആറാട്ടുപുഴയില്‍ 12.73 ഏക്കര്‍ ഭൂമി 2002ലാണ് വൈകുണ്ഡരാജന്‍ വാങ്ങിയത്. ശശിധരന്‍ കര്‍ത്തക്ക് ആറാട്ടുപുഴ വില്ലേജില്‍ അമ്പതരയേക്കര്‍ ഭൂമിയുണ്ട്. കരിമണല്‍ വേര്‍തിരിക്കാനുള്ള കമ്പനി സ്ഥാപിക്കാനായി കര്‍ത്തക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു.