Connect with us

Malappuram

മലയാള സര്‍വകലാശാലയില്‍ അന്തര്‍ സര്‍വകലാശാല സാഹിത്യോല്‍സവം നാളെ തുടങ്ങും

Published

|

Last Updated

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അന്തര്‍സര്‍വ്വകലാശാല സാഹിത്യോല്‍സവത്തിന് (സാഹിതി) നാളെ തുടക്കമാകും. മലയാളത്തിലെ മുന്‍നിര എഴുത്തുകാരായ മുപ്പത് പേരെ അണനിരത്തി സാഹിത്യ വിദ്യാര്‍ഥികള്‍ക്കും സാഹിത്യത്തെ പ്രേമിക്കുന്നവര്‍ക്കും പുതിയ അനുഭവം സാധ്യമാക്കുന്ന പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാലുവേദികളിലായി സംവാദങ്ങള്‍, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, പുസ്തകങ്ങളുടെ പ്രകാശനം, സാഹിത്യ പ്രശ്‌നോത്തരി, മുഖാമുഖം, വിവിധ കലാപരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയാണ് നടക്കുക. സാഹിത്യോല്‍സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 11 ന് എം ടി വാസുദേവന്‍ നായര്‍ നിര്‍വഹിക്കും. തുടര്‍ന്ന് സാഹിത്യപ്രശ്‌നോത്തരി, പുസ്തക പ്രകാശനം, കാവ്യാഞ്ജലി, കഥകളി, മുഖാമുഖം, കഥക്ക് പിന്നിലെ കഥ എന്നീ പരിപാടികളും നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിലായി എം ടിക്ക് പുറമെ ടി പത്മനാഭന്‍, സുഗതകുമാരി, സി രാധാകൃഷ്ണന്‍, എം മുകുന്ദന്‍, പൊഫസര്‍ സച്ചിദാനന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, സാറാജോസഫ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ പി രാമനുണ്ണി, തുടങ്ങിയ മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കും.