കഞ്ചിക്കോട് കോച്ച് ഫാക്ടറി യഥാര്‍ഥ്യമാകാത്തതില്‍ പ്രതിഷേധിച്ച് റീത്ത് സമര്‍പ്പണം നാളെ

Posted on: February 20, 2014 2:20 pm | Last updated: February 20, 2014 at 2:20 pm

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി യഥാര്‍ഥ്യമാകാത്തതില്‍ പ്രതിഷേധിച്ച് പദ്ധതിക്കായി തറക്കല്ലിട്ടതിന്റെ രണ്ടാം വാര്‍ഷിക ദിനമായ 21ന് സി പി എം പുതുശേരി ഏരിയാ കമ്മിറ്റി രാവിലെ എട്ടിന് പദ്ധതിക്കായി ഏറ്റെടുത്ത് നല്‍കിയ കഞ്ചിക്കോട്ടെ സ്ഥലത്ത് റീത്ത് സമര്‍പ്പിക്കുമെന്ന് ഏരിയാ സെക്രട്ടറി വി കാര്‍ത്തികേയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി ഉണ്ണി, എ പ്രഭാകരന്‍, കെ വി വിജയദാസ് എം എല്‍ എ നേതാക്കള്‍ പങ്കെടുക്കും. ഇന്ദിരാഗാന്ധിയുടെ കാലത്ത് സംസ്ഥാനത്തിന് നല്‍കി തുടങ്ങിയ വാഗ്ദാനമാണ് കോച്ച് ഫാക്ടറി. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം നടത്തിയപ്പോഴാണ് 2007ല്‍ വീണ്ടും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. അന്നത്തെ ഇടത് പക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ 430 ഏക്കര്‍ സ്ഥലം റെയില്‍വേക്ക് കൈമാറിയിരുന്നു. എന്നാല്‍ അതിന് ശേഷം കോച്ച് ഫാക്ടറി ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തില്‍ സുഭാഷ് ചന്ദ്രബോസ്, നിതിന്‍കണിച്ചേരി, ജയന്തി പങ്കെടുത്തു.