അനധികൃത കരിങ്കല്‍ ക്വാറികള്‍ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും

Posted on: February 20, 2014 2:17 pm | Last updated: February 20, 2014 at 2:17 pm

പാലക്കാട്: ജില്ലയില്‍ വിവിധഭാഗങ്ങളിലെ കരിങ്കല്‍ ഖനനത്തിനെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കാര്യങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ മനുഷ്യാവകാശകമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ അടുത്തമാസം പ്രദേശം സന്ദര്‍ശിക്കും.
വണ്ടാഴി, മുതലമട ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരെ കൃഷിക്കാരുടേയും കേരള കര്‍ഷക കൂട്ടായ്മയുടേയും ജനകീയസമിതി മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.
വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ മംഗലം ഡാമിന്റെ പരിസരത്ത് ആറ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതിനും ലൈസന്‍സില്ല.
ഖനനം കാരണം ഡാമിന് വിള്ളലുണ്ടാെയന്നും ക്വാറികളില്‍ നിന്നുള്ള പൊടിയും ശബ്ദവും പരിസരത്തെ മലീമസമാക്കിയെന്നും വീടുകളില്‍ പലതിലും വിള്ളല്‍ വീണിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. രാത്രിയും പകലുമായി 300 ലേറെ ടിപ്പര്‍ലോറികളാണ് ക്വാറികളിലേക്ക് വന്ന് പോകുന്നത്. അതിനാല്‍ റോഡിന്റെ അവസ്ഥയും ശോചനീയമാണ്. ജനങ്ങളുടെ സമരത്തെത്തുടര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്.——മുതലമട ഗ്രാമപഞ്ചായത്തിലെ ചുള്ളിയാര്‍ ഡാമിന് ചുറ്റുമായി രണ്ട് വാര്‍ഡുകളിലായാണ് ക്വാറികള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മൂന്ന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജനപ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് ക്വാറികള്‍ അടച്ചുപൂട്ടി. ഭൂകമ്പസാധ്യതാപട്ടികയിലുള്‍പ്പെട്ടിട്ടുള്ള പ്രദേശമാണിത്. ഇവിടെ നിരന്തരം
ഭൂചലനങ്ങളും ഉണ്ടാകാറുണ്ട്. സെസിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ഡാം സ്ഥിതിചെയ്യുന്ന മുച്ചംകുണ്ട് പരിസ്ഥിതിലോല പ്രദേശമാണ്. അമ്പതുദിവസങ്ങളായി ജനങ്ങള്‍ ക്വാറികള്‍ക്കെതിരെ സമരത്തിലാണ്.