മാര്‍ച്ചും ധര്‍ണയും നടത്തി

Posted on: February 20, 2014 2:15 pm | Last updated: February 20, 2014 at 2:15 pm

പാലക്കാട്: വെറ്ററിനറി ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി.
ചെക്ക് പോസ്റ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുക, ഗീത പോറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നടപടികള്‍ ശാസ്ത്രീയമായി പുനരാരംഭിക്കുക, മൃഗസംരക്ഷണ വകുപ്പിന്റെ പുനസംഘടനത്തിനായി നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി 15 മുതലാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ നിസ്സഹരണ സമരം ആരംഭിച്ചത്.
ധര്‍ണ കെ ജി വി ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ ആര്‍ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ. സി മധു അധ്യക്ഷത വഹിച്ചു. ഡോ. കതിരേശന്‍, ഡോ. ജയകുമാര്‍, ഡോ. വേലായുധകുമാര്‍, ഡോ. മുഹമ്മദ് ഹനീഫ, ഡോ. സയിദ് അബൂബക്കര്‍ സിദ്ധിഖ്, ഡോ. ശെല്‍വമുരുകന്‍ എന്നിവര്‍ സംസാരിച്ചു.