കിഴക്കന്‍ മേഖലയിലെ മണല്‍ഖനനം; കുഴല്‍ക്കിണറുകള്‍ വറ്റുന്നു

Posted on: February 20, 2014 12:33 am | Last updated: February 20, 2014 at 12:33 am

കൊല്ലങ്കോട്: കിഴക്കന്‍ മേഖലയിലെ അനധികൃത മണല്‍ഖനനംമൂലം കുഴല്‍ക്കിണറുകള്‍ വറ്റുന്നതായി പരാതി. എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് അധികൃതരെ നോക്കുകുത്തിയാക്കി അനധികൃത കരമണല്‍ ഖനനം പുനരാരംഭിച്ചിരിക്കുന്നത്. എരുത്തേമ്പതി മുള്ളടിക്കാട്ടിലെ മൂന്ന് ഖനന കേന്ദ്രങ്ങളില്‍ നിന്നു പ്രതിദിനം അമ്പതിലേറെ യൂനിറ്റ് മണലാണ് അയല്‍ ജില്ലകളിലേക്ക് കൊണ്ടു പോകുന്നത്.
വടകരപ്പതി പഞ്ചായത്തിലെ മഞ്ചക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നാണു മണ്ണെടുക്കുന്നത്. വരട്ടയാര്‍ പുഴയില്‍ നിന്നു കഷ്ടിച്ച് 50 മീറ്റര്‍ മാത്രം അകലെ നിന്നാണ് മണ്ണെടുക്കുന്നത്. പുഴയില്‍ നിന്നും കുഴിച്ചെടുത്താണു ഖനനം നടക്കുന്നത്. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളില്‍ വേനല്‍ കനക്കുന്നതിനു മുമ്പു തന്നെ ഇത്തവണ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.
കുഴല്‍ക്കിണറുകളില്‍ വെള്ളം കുറഞ്ഞതോടെ മിനി കുടിവെള്ള പദ്ധതികള്‍ പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ മണിമുത്തുനഗര്‍, കരിമണ്ണ്, ടൗണ്‍, കരംപൊറ്റ, പഴണിയാര്‍പാളയം പദ്ധതികളില്‍ വെള്ളം അനിയന്ത്രിതമായി കുറഞ്ഞിരിക്കുകയാണ്. എരുത്തേമ്പതിയിലെ പഞ്ചായത്ത്, രാജീവ് കോളനി, നേതാജി നഗര്‍, വണ്ണാമട മിനി കുടിവെള്ള പദ്ധതികളുടെയും വെള്ളം കുറഞ്ഞിരിക്കുകയാണ്. വടകരപ്പതി പഞ്ചായത്തിലെ നല്ലൂര്‍, മഞ്ചക്കുന്ന് മിനി പദ്ധതികളുടെ കുഴല്‍ക്കിണറുകളും പരാജയത്തിലേക്കു നീങ്ങുകയാണ്. വടകരപ്പതിയില്‍ 15 സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറി വെള്ളം വിതരണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മണ്ണെടുക്കുന്ന മഞ്ചക്കുന്നിലെ കുഴല്‍ക്കിണര്‍ പരാജയത്തിലേക്കു നീങ്ങിയിട്ടും മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടുണ്ട്. വേണ്ടരീതിയില്‍ വന്ന് കാണുന്നതിനാല്‍ വില്ലേജ് അധികൃതര്‍ ഈ പരിസരത്തേക്ക് ഒരു തവണപോലും വന്നിട്ടില്ല.
പോലീസും നടപടിയെടുക്കുന്നതിന് വിമുഖത കാണിക്കുകയാണ്. ചെറുകിട വ്യവസായ സംരംഭത്തിന്റെ മറവില്‍ ലഭിച്ച ബില്ലുമായാണ് മണല്‍ ലോറികള്‍ ചെക് പോസ്റ്റുകള്‍ കടന്നു പോകുന്നത്. അനുമതി നല്‍കാന്‍ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ വാണിജ്യ നികുതി വിഭാഗം പിന്നീടൊരിക്കലും പരിശോധന നടത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
മട്ടി മണല്‍ കടത്താനുള്ള പാസിന്റെ മറവില്‍ മണല്‍ കടത്തുന്നതു പരിശോധിക്കാന്‍ ചെക് പോസ്റ്റ് അധികൃതരും തയാറായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തോളമായി ആയിരക്കണക്കിനു ടണ്‍ മണ്ണും മണലും കടത്തിയതിനാല്‍ പ്രദേശം മരുഭൂമിയായി മാറിയിരിക്കുകയാണ്.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ചു വിവാദമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാടന്‍ ചുരത്തിന്റെ ഭാഗമായ കിഴക്കന്‍ മേഖലയെയും സംരക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.