Connect with us

Palakkad

വടക്കഞ്ചേരി ടൗണില്‍ റോഡ് പണി; യാത്രക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ ബസാര്‍ റോഡിന്റെ പണികളും പൈപ്പ് പൊട്ടലുമായി കച്ചവടക്കാരും യാത്രക്കാരും ദുരിതത്തിലായി. പാതയോരത്തെ അഴുക്ക് ചാലുകള്‍ക്ക് മുകളില്‍ നിരത്തിയിടാനുള്ള സ്ലാബുകള്‍ വാര്‍ക്കുന്നത് തിരക്കുള്ള റോഡില്‍ തന്നെയായതാണ് ഇതിനു കാരണം. ഇരുമ്പ് ഫ്രെയ്മിലാണ് സ്ലാബുകള്‍ വാര്‍ത്തിടുന്നത്. യാത്രക്കാര്‍ സ്ലാബുകളില്‍ തട്ടിവീഴും വിധത്തിലാണ് സ്ലാബിന്റെ പണി നടക്കുന്നത്.
ഒഴിഞ്ഞ സ്ഥലത്ത്സ്ലാബുകള്‍ വാര്‍ത്ത് പിന്നീട് ചാലിനു മുകളില്‍ നിരത്തിയിടാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സ്ലാബുകള്‍ വാര്‍ത്ത് അത് ഉണക്കി മാറ്റിയിടണമെങ്കില്‍ മൂന്നാഴ്ചയോളം വേണം. ഇത്രയും ദിവസം സ്ലാബുകള്‍ റോഡിലിടുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കും. റോഡിന്റെ ഒരുഭാഗത്ത് സ്ലാബ് വാര്‍ക്കലും മറുവശത്ത് അഴ്ക്കുചാല്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പൊളിച്ചിടുകയും ചെയ്യുമ്പോള്‍ പിന്നെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്.
ആ ദുരിതത്തിന് പുറമേയാണ് ടൗണില്‍ സുനിതമുക്ക് ജംഗ്ഷനില്‍ കുടിവെള്ളപൈപ്പ് പൊട്ടിയത്. ഒരാഴ്ചമുമ്പ് കമ്മീഷന്‍ ചെയ്ത മെയിന്‍ പൈപ്പാണ് പൊട്ടി വെള്ളം പാഴാകുന്നത്. പൊട്ടിയ പൈപ്പിലൂടെ മലിനജലം കയറി കുടിവെള്ളവും മലിനമാകുന്ന സ്ഥിതിയാണ്. കുടിവെള്ളപദ്ധതിയുടെ മെയിന്‍ പൈപ്പ് രണ്ട് മീറ്ററെങ്കിലും താഴ്ത്തിയിടണമെന്നാണ് വ്യവസ്ഥ. എന്നാല്‍, പൈപ്പ് ഒരടിമാത്രം താഴ്ത്തിയാണ് ഇട്ടിരിക്കുന്നത്.

Latest