Connect with us

Kerala

ഘടക കക്ഷികള്‍ക്ക് അധിക സീറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: ഘടകകക്ഷികളുടെ അധിക സീറ്റിനുള്ള അവകാശവാദം അംഗീകരിക്കില്ലെന്ന് കെ പി സി സി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞതവണ പാര്‍ട്ടി മത്സരിച്ച എല്ലാ സീറ്റുകളിലും ഇക്കുറിയും മത്സരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. എന്നാല്‍, സോഷ്യലിസ്റ്റ് ജനതയുടെ കാര്യത്തില്‍ ആലോചന വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച മുഴുവന്‍ സീറ്റിലും ഇത്തവണയും മത്സരിക്കാന്‍ കഴിയണമെന്ന് വിവിധ ഡി സി സി പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഇടതു മുന്നണിയില്‍ നിന്ന് വന്നപ്പോള്‍ ഒരു സീറ്റ് അവര്‍ക്കു വാഗ്ദാനം ചെയ്തിരുന്നു. സീറ്റിനു വേണ്ടി മുന്നണി മാറിയെന്ന ആരോപണം വരുമെന്നു കരുതി അവര്‍ അതു നിരസിച്ചു. അന്നത്തെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. അതു പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജില്ലാതലത്തില്‍ മികച്ച 50 പ്രാസംഗികരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായിരിക്കും ഇതില്‍ പ്രാമുഖ്യം നല്‍കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മണ്ഡലം അടിസ്ഥാനത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചുനല്‍കി. പാര്‍ട്ടി കമ്മിറ്റികള്‍ വരവുചെലവ് കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച് പാസാക്കണം. അതിന്റെ പകര്‍പ്പ് മേല്‍കമ്മിറ്റികള്‍ക്ക് നല്‍കണം.
കെ സുധാകരനെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ നടത്തിയ തരത്തിലുള്ള മോശം പരാമര്‍ശങ്ങള്‍ ഇനി ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് വി എം സുധീരന്‍ മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പുമായി ബന്ധപ്പട്ട തന്റെ പ്രസ്താവനയില്‍ സുധാകരന്‍ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അതു മാന്യമായ തീരുമാനമാണ്. കോണ്‍ഗ്രസിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചേതീരൂ. അതുപോലെ തൃശൂര്‍ ഡി സി സിയില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ വി ബലറാം ഖേദം അറിയിച്ചിട്ടുണ്ട്. അവിടെ മുദ്രാവാക്യം വിളിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിവേണമെന്ന് ഇതേപ്പറ്റി അന്വേഷിച്ച ശൂരനാട് രാജശേഖരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നും സുധീരന്‍ യോഗത്തെ അറിയിച്ചു.