Connect with us

Palakkad

ബേങ്കില്‍ പ്രവാസി നിക്ഷേപിച്ച 60 ലക്ഷം രൂപ നഷ്ടമായി

Published

|

Last Updated

പാലക്കാട്: ബേങ്കില്‍ നിക്ഷേപിച്ച 60 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രവാസി മലയാളിയുടെ പരാതി. പാലക്കാട് ശേഖരീപുരം എം എം അശോകന്റെ എസ ്ബി ഐ പാലക്കാട് ശാഖയില്‍ നിക്ഷേപിച്ച തുകയാണ് നഷ്ടമായത്.
30 വര്‍ഷമായി വിദേശത്ത് താമസമാക്കിയ അശോകന് 2002 മുതല്‍ എസ് ബി ഐയില്‍ അക്കൗണ്ട് ഉണ്ട്. ഇത്തവണ അവധിക്കെത്തിയ അശോകന്‍ സ്ഥിര നിക്ഷേപമായി 60 ലക്ഷം രൂപ ഒരു വര്‍ഷത്തേക്ക് നല്‍കി. എന്നാല്‍ ഇതുസംബന്ധിച്ച രേഖകളൊന്നും കൈപ്പറ്റാതെ തിരിച്ച് വിദേശത്തേക്ക് പോകുകയായിരുന്നു. ഒരു മാസത്തിനുശേഷം തിരിച്ചെത്തിയ അശോകന്‍ രേഖകള്‍ക്കായി ഡിസംബര്‍ ആറിന് ബേങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. അശോകന്റെ മെയിലില്‍ നിന്നും തുക മാറ്റാനായി അപേക്ഷ വന്നിരുന്നതായും മാറ്റുന്നതിനു മുമ്പ് തെളിവിനായി ആവശ്യപ്പെട്ട പാസ്‌പോര്‍ട്ടിന്റെ കോപ്പി, ഐഡി, ഇന്റര്‍നാഷനല്‍ ലൈസന്‍സിന്റെ കോപ്പി എന്നിവ തങ്ങള്‍ക്ക് അയച്ചു തന്നിരുന്നതായും ബേങ്ക് അധികൃതര്‍ വ്യക്തമാക്കി.
അശോകന്റെ ഇ മെയില്‍ പ്രകാരം 2013 ഒക്‌ടോബര്‍ 10, 25, നവംബര്‍1, 13, 26 തീയതികളിലായി ലണ്ടനിലെ അശോകന്റെ പേരിലുള്ള ബാര്‍ക്ലെയ്‌സ് ബേങ്കിലേക്കും നാലമത്തേത് നാറ്റ് വെസ്റ്റ് ബാങ്കിലേക്കും അഞ്ചാമത്തേത് ലോയ്ഡ്‌സ് ബേങ്കിലേക്കുമാണ് ട്രാന്‍സ്ഫര്‍ ചെയ്തന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. അശോകന്‍ അയച്ച മെയില്‍ ഐഡിയില്‍ നിന്ന് ലഭിച്ച വിവിരങ്ങള്‍ പ്രകാരമാണ് തുക ട്രാന്‍സ്ഫര്‍ ചെയ്തത്. തുക മാറ്റുന്നതിനു മുന്നോടിയായി പൂരിപ്പിക്കേണ്ട അപേക്ഷയിലും അശോകന്റെ കയ്യൊപ്പാണ് ഉള്ളതെന്നും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ഖത്തറില്‍ താമസമാക്കിയ തനിക്ക് ലണ്ടനില്‍ അക്കൗണ്ട് ഇല്ലെന്നും ഇതുവരെ ലണ്ടനില്‍ പോയിട്ടില്ലെന്നും അശോകന്‍ പറയുന്നു. പാസ്‌പോര്‍ട്ടിന്റെ കോപ്പികള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിച്ചതാകാം എന്നും അദ്ദേഹം പറഞ്ഞു. തുക നഷ്ടമായതു സംബന്ധിച്ച് ബേങ്കിംഗ് ഓംബുഡ്‌സ്മാനും ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും നോര്‍ക്കക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തന്റേതെന്ന പേരില്‍ ബാങ്കിന് ലഭിച്ച ഇ മെയില്‍ ഐഡിയില്‍ വ്യത്യാസമുണ്ടെന്നും അശോകന്‍ പറയുന്നു. തട്ടിപ്പ് നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ബേങ്ക് അധികൃതര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ്പിന്നീട് സൈബര്‍ സെല്ലിന് കൈമാറി. ബേങ്കും അന്വേഷണം നടത്തുന്നുണ്ട്. അശോകന്റെ അക്കൗണ്ട് വിവരങ്ങള്‍ അറിയാനായി ലണ്ടനിലെ എസ് ബി ഐ ശാഖയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ നല്‍കില്ലെന്ന മറുപടിയാണ് ലഭിച്ചത്. പാലക്കാട് പോലീസും തിരുവനന്തപുരത്തെ സൈബര്‍ ഹൈടെക് സെല്ലുമായി സഹകരിച്ചാണ് കേസന്വേഷിക്കുന്നത്. നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള നൈജീരിയക്കാരാണ് ഇതിനു പുറകിലെന്ന് സംശയിക്കുന്നതായി ക്രൈം സെല്‍ ഡി വൈ എസ് പി ഷാനവാസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അന്താരാഷ്ട്ര പോലീസ് കോര്‍ഡിനേഷന്‍ സെല്ലിന്റെ സഹായംതേടുമെന്നും അദ്ദേഹം പറഞ്ഞു.

Latest