തെലങ്കാന: ലക്ഷ്യം കാണുന്നത് പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍

Posted on: February 19, 2014 6:00 am | Last updated: February 19, 2014 at 1:39 am

Final-report-on-Telangana-117ഹൈദരാബാദ്: രാജ്യത്തെ 29 ാം സംസ്ഥാനമായി തെലങ്കാന രൂപവത്കരിക്കപ്പെടുമ്പോള്‍ സമ്പന്നമായ ഒരു ചരിത്രം കൂടി അതിനുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട നിരന്തരമായ പ്രക്ഷോഭങ്ങളുടെയും സമ്മര്‍ദ തന്ത്രങ്ങളുടെയും ഫലമായാണ് തെലങ്കാന പിറക്കാന്‍ പോകുന്നത്.
1969ല്‍ ‘ജയ് തെലങ്കാന’ സംഘടനയാണ് തെലങ്കാന സംസ്ഥാനമെന്ന ആവശ്യം ഉയര്‍ത്തുന്നത്. അന്ന് നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പില്‍ മുന്നൂറിലേറെ പേര്‍ മരിച്ചു. 1972ല്‍ ‘ജയ് ആന്ധ്ര’ സംഘടന ആന്ധ്രയിലെ തീരദേശം കേന്ദ്രീകരിച്ച് പ്രത്യേക ആന്ധ്രാ സംസ്ഥാനത്തിനുള്ള ആവശ്യം ഉയര്‍ത്തി. 1975ല്‍ തെലങ്കാനക്ക് അനുകൂലമായ ആറ് നിര്‍ദേശങ്ങളടങ്ങിയ രാഷ്ട്രപതി ഉത്തരവ് വന്നു.
പിന്നീട് തെലങ്കാന വിഷയം ചൂട്പിടിക്കുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷം 1997ല്‍ ബി ജെ പി ഇതിനെ പിന്തുണച്ചതോടെയാണ്. 1998ലെ തിരഞ്ഞെടുപ്പില്‍ ‘രണ്ട് സംസ്ഥാനങ്ങള്‍ക്ക് ഒറ്റ വോട്ടെന്ന’ വാഗ്ദാനവുമായി ബി ജെ പി രംഗത്തെത്തി. തെലങ്കാന പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കെ ചന്ദ്രശേഖര റാവു തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) എന്ന പാര്‍ട്ടിയുണ്ടാക്കി. 2004ല്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് ടി ആര്‍ എസ് മത്സരിച്ച്, അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളും 26 നിയമസഭാ സീറ്റുകളും നേടി. യു പി എയുടെ പൊതു മിനിമം പരിപാടിയില്‍ തെലങ്കാനയും ഉള്‍പ്പെടുത്തി. 2008ല്‍ തെലങ്കാനക്ക് ടി ഡി പിയും പിന്തുണ പ്രഖ്യാപിച്ചു. 2009ലെ തിരഞ്ഞെടുപ്പില്‍ ടി ആര്‍ എസും ടി ഡി പിയും ഒന്നിച്ച് മത്സരിച്ചെങ്കിലും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും പത്ത് നിയമസഭാ സീറ്റുകളും മാത്രമേ നേടാനായുള്ളൂ. 2009 ഒക്‌ടോബറില്‍ തെലങ്കാന സംസ്ഥാനത്തിന് വേണ്ടി ചന്ദ്രശേഖര റാവു അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഡിസംബര്‍ ഒമ്പതിന് തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് പ്രാഥമിക നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രായലസീമയില്‍ കടുത്ത പ്രതിഷേധമുണ്ടാകുകയും എം പിമാരും നിയമസഭാംഗങ്ങളും കൂട്ട രാജി സമര്‍പ്പിക്കുകയും ചെയ്തതോടെ സമവായം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡിസംബര്‍ 23ന് തീരുമാനം കേന്ദ്രം മരവിപ്പിച്ചു. 2010 ഫെബ്രുവരി മൂന്നിന് തെലങ്കാന വിഷയത്തില്‍ അഞ്ചംഗങ്ങളടങ്ങിയ ശ്രീകൃഷ്ണ കമ്മിറ്റിയെ കേന്ദ്രം നിയോഗിച്ചു. ആറ് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് 2010 ഡിസംബറില്‍ ശ്രീകൃഷ്ണ കമ്മീഷന്‍ സമര്‍പ്പിച്ചു.
പിന്നീട് തെലങ്കാനക്ക് ജീവന്‍ വെക്കുന്നത് കഴിഞ്ഞ ജൂലൈ 30ന് തെലങ്കാന രൂപവത്കരിക്കാന്‍ യു പി എ ഏകോപന സമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും തീരുമാനിച്ചതോടെയാണ്. ഇതിനെ തുടര്‍ന്ന് സീമാന്ധ്രയില്‍ പ്രതിഷേധം ശക്തമായി. ഒക്‌ടോബര്‍ മൂന്നിന് ആന്ധ്ര വിഭജിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിതല സമിതിയെ നിയോഗിക്കുകയും ചെയ്തു. ഒക്‌ടോബര്‍ 25ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി കലാപം തുടങ്ങി. ഡിസംബര്‍ അഞ്ചിന് ആന്ധ്രാപ്രദേശ് പുനഃസംഘടനാ ബില്‍ 2013ന്റെ കരട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ജനുവരിയില്‍ ആന്ധ്ര നിയമസഭയില്‍ ബില്ലിലെ ചര്‍ച്ച പൂര്‍ത്തിയായി. ജനുവരി 27ന് ബില്‍ തള്ളാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ കിരണ്‍കുമാര്‍ റെഡ്ഢി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. സംഘര്‍ഷാവസ്ഥക്കിടെ, ജനുവരി 30ന് ബില്‍ തള്ളിക്കൊണ്ടുള്ള പ്രമേയങ്ങള്‍ ശബ്ദവോട്ടോടെ നിയമസഭ അംഗീകരിച്ചു. ബില്‍ പാര്‍ലിമെന്റിലേക്ക് അയക്കരുതെന്ന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുകയുമുണ്ടായി.
ഫെബ്രുവരി ഏഴിന് കേന്ദ്ര മന്ത്രിസഭ ബില്‍ പരിഷ്‌കരിച്ചു. സര്‍ക്കാറിനെതിരെ അവിശ്വാസ വോട്ടെടുപ്പിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതിന് സീമാന്ധ്രയിലെ ആറ് എം പിമാരെ കോണ്‍ഗ്രസ് ഫെബ്രുവരി പതിനൊന്നിന് പുറത്താക്കി. തെലങ്കാനയിലെയും സീമാന്ധ്രയിലെയും എം പിമാര്‍ പരസ്പരം ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ 13ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. രാജഗോപാല്‍ എം പി കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തിയത് പാര്‍ലിമെന്റ് ചരിത്രത്തിന് കളങ്കമായി. ഒടുവില്‍ ഇന്നലെ ലോക്‌സഭ തെലങ്കാന ബില്‍ പാസ്സാക്കി.