Connect with us

Kozhikode

ദേശീയപാത സ്ഥലമെടുപ്പ് സര്‍വേ തടയുന്നത് വികസന വിരോധികള്‍: ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

കോഴിക്കോട്: ദേശീയ പാതക്കായി സ്ഥലമെടുക്കുന്നത് അട്ടിമറിക്കാന്‍ സര്‍വേ തടസ്സപ്പെടുത്തുന്നത് വികസന വിരോധികളും ഇവരുടെ കൂലിത്തൊഴിലാളികളുമാണെന്ന് വിവിധ ആക്ഷന്‍ കമ്മിറ്റികളുടെ കോ-ഓഡിനേഷഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ദേശീയ പാത 45 മീറ്ററാക്കുന്നതിന് വിപണി വില നല്‍കി സ്ഥലം ഏറ്റെടുക്കുന്നതിന് പ്രദേശവാസികളാരും എതിരല്ല. സര്‍വേ പൂര്‍ത്തിയാക്കി സ്ഥലം പൂര്‍ണമായും ഏറ്റെടുത്ത് നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കണം. അല്ലെങ്കില്‍ സ്ഥലം ഏറ്റെടുക്കില്ലെന്ന് നിയമപരമായി ഉത്തരവിറക്കി പ്രതിസന്ധി ഒഴിവാക്കണം. ഏതെങ്കിലും കൂലിപ്രതിഷേധക്കാരുടെ വികസന വിരോധത്തിന് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുത്. സര്‍വേ പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടുപോയാല്‍ ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരത്തിന് പ്രദേശവാസികള്‍ നിര്‍ബന്ധിതമാകും. തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടാകാത്തപക്ഷം വോട്ട് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരത്തിന് തയ്യാറാകുമെന്നും അവര്‍ പറഞ്ഞു.
1978 മുതല്‍ നിയമം ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. എന്‍ ഡി എഫ് പോലുള്ള സംഘടനകള്‍ സര്‍വേ തടയുന്നത് വികസന വിരോധം മൂലമാണ്. കൂലിക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ എത്തിച്ചാണ് സമരം. ഇതിനായി ചില സര്‍വേ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. കഴിഞ്ഞ 10ന് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി-മാഹി ബൈപാസില്‍പ്പെട്ട മൂരാട്-അഴിയൂര്‍ സര്‍വേ 12ന് ആരംഭിച്ചത്. ഇത് 14ന് തടയുകയും പ്രകോപനമുണ്ടാക്കുകയും ചെയ്തവര്‍ സ്ഥലം നഷ്ടപ്പെടുന്നവരല്ല. സമരത്തിനിടെ പോലീസ് മര്‍ദനമേറ്റതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഇ നാരായണന് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടില്ല. സര്‍വേ പെട്ടെന്ന് പൂര്‍ത്തീകരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട ആയിരത്തോളം കുടുംബങ്ങളുടെ ആവശ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിവിധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ എസ് നായര്‍, വി അച്യുതന്‍, എം ബി സുരേഷ്ബാബു, ജഗന്നാഥന്‍, ജയകൃഷ്ണന്‍, ബിന്ദു പുതുപ്പണം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest