Connect with us

Ongoing News

ഇ - മാലിന്യങ്ങള്‍ കമ്പനികള്‍ തിരികെ വാങ്ങണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ അപകടകരമാം വിധം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമായി അടിയന്തരവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇതനുസരിച്ച് ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ ഉപയോഗ ശൂന്യമാകുന്ന തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് നേരിട്ടോ ഏജന്റുമാര്‍ വഴിയോ ശേഖരിക്കുകയോ വില നല്‍കി മടക്കി വാങ്ങുകയോ ചെയ്യണം. ഇങ്ങനെ ശേഖരിക്കുന്ന ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ അംഗീകൃത പുനരുത്്പാദകര്‍ക്ക് അനുയോജ്യമായ മാര്‍ഗത്തില്‍ എത്തിച്ചു കൊടുക്കേണ്ടതും നിര്‍മ്മാതാക്കള്‍ തന്നെയാണ്.അംഗീകൃത ബ്രാന്‍ഡുകളുടെ ഇലക്ട്രിക്കല്‍ – ഇലക്ട്രോണിക് ഉത്്പന്നങ്ങള്‍ ഇ-മാലിന്യമാകുമ്പോള്‍ ഉപഭോക്താക്കള്‍ അവ ഉത്്പാദകര്‍ക്ക് മടക്കിനല്‍കുകയോ തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രാദേശിക സംവിധാനം വഴി ഒഴിവാക്കുകയോ ചെയ്യണം.
സംസ്ഥാനത്തെ ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനോ പുനരുത്പാദനം ചെയ്യുന്നതിനോ പര്യാപ്തമായ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും അനുമതി നല്‍കുന്നതിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികളെടുക്കണം.
മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളില്‍ ഇ-മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്ന വിഷയവും ഉള്‍പ്പെടുത്തണം. ഇ-മാലിന്യത്തെ അശാസ്ത്രീയമായി കൈകാര്യം ചെയ്താലുണ്ടാകുന്ന അപകടങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജൈവ വൈവിധ്യ ബോര്‍ഡ്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറകടറേറ്റ് എന്നിവ പരിപാടികള്‍ തയ്യാറാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

Latest