സോണിയയുടെ നിലപാടുകള്‍ പാര്‍ട്ടിയില്‍ അന്തിമം: സുധീരന്‍

Posted on: February 18, 2014 12:34 am | Last updated: February 17, 2014 at 11:34 pm

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാടുകളും അഭിപ്രായങ്ങളും നയങ്ങളും പാര്‍ട്ടിയില്‍ അന്തിമമാണെന്നും അതിന്റെ അന്ത:സത്തക്ക് യോജിക്കാത്ത തരത്തില്‍ ആരുടെ ഭാഗത്ത് നിന്നും അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കൊല്ലത്ത് നടന്ന കെ പി സി സി,രുസര്‍ക്കാര്‍ ഏകോപനസമിതി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ആ ഗ്രൂപ്പും ഈ ഗ്രൂപ്പും ഇല്ലെന്നും പാര്‍ട്ടിയില്‍ ഒറ്റ ഗ്രൂപ്പ് മാത്രമേയുള്ളൂവെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി കെ സുധാകരന്‍ എം പി നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവന ഇനി ചര്‍ച്ചാവിഷയമല്ലെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സുധീരന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവന അതേപടി തള്ളിക്കൊണ്ടുള്ള നിലപാടാണ് ഇന്നലെ ചേര്‍ന്ന കെ പി സി സി, സര്‍ക്കാര്‍ ഏകോപന സമിതി യോഗം സ്വീകരിച്ചത്. കെ സുധാകരന്‍ കോണ്‍ഗ്രസിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ മതിപ്പോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നതെന്നും സി പി എം അക്രമത്തിനെതിരെ കണ്ണൂരിലും മലബാറിലും സുധാകരന്‍ നടത്തുന്ന പോരാട്ടം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണെന്നും സുധീരന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പരസ്യ പ്രതികരണം ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. സിറ്റിംഗ് എം പിമാര്‍ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും. ഘടകകക്ഷി സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ഇത് ബാധകമാണെന്ന് സുധീരന്‍ പറഞ്ഞു.
ആറന്മുള ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങള്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച ചെയ്ത് യുക്തമായ പരിഹാരം കാണണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും സംസ്ഥാനത്ത് പതിനേഴ് പാറമടകള്‍ക്ക് അനുമതി കൊടുത്ത പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ തീരുമാനം പുന:പരിശോധിക്കണമെന്നും ഏകോപന സമിതി യോഗം അഭിപ്രായപ്പെട്ടു.
ദേശീയപാത വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നവരുടെ പുനരധിവാസം കുറേക്കൂടി മാനുഷിക പരിഗണനയോടെ വേണം. പുനരധിവാസ പാക്കേജിലെ അപര്യാപ്തതയാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ബാധകമാക്കണമെന്നും ആവശ്യമുയര്‍ന്നു. വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായതിന് ശേഷം ചേരുന്ന ആദ്യ കെ പി സി സി, സര്‍ക്കാര്‍ ഏകോപന സമിതി യോഗമാണ് ഇന്നലെ ചേര്‍ന്നത്. ഏകോപന സമിതിയുടെ അടുത്ത യോഗം മാര്‍ച്ച് നാലിന് ചേരുമെന്ന് വി എം സുധീരന്‍ പറഞ്ഞു.