അംബാനിയെ തൊട്ടാല്‍ ആകാശം ഇടിഞ്ഞുവീഴും

Posted on: February 18, 2014 6:00 am | Last updated: February 17, 2014 at 11:31 pm

nnnnഅരവിന്ദ് കെജ്‌രിവാള്‍ അധികാരമൊഴിയുമ്പോള്‍ വലിയൊരു ആരോപണം ഉന്നയിക്കുകയുണ്ടായി. അംബാനിക്കെതിരെ കേസെടുത്തതാണ് ബി ജെ പിയും കോണ്‍ഗ്രസും കൈകോര്‍ത്ത് തന്റെ സര്‍ക്കാറിനെ താഴെയിറക്കാനുണ്ടായ പ്രകോപനം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, റിലയന്‍സ് ഇന്‍ഡട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി, മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്‌റ തുടങ്ങിയവര്‍ക്കെതിരെ അഴിമതിനിരോധ നിയമപ്രകാരം കേസെടുത്തിരുന്നു. റിലയന്‍സ്, കൃഷ്ണ ഗോദാവരി തടത്തില്‍ നിന്നെടുക്കുന്ന പ്രകൃതി വാതകം, കരാറിന് വിരുദ്ധമായി നാലിരട്ടി കൂടുതല്‍ വിലക്ക് വാങ്ങാന്‍ തീരുമാനിച്ചത് കോടികള്‍ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു കേസ്. റിലയന്‍സിന് വന്‍ ലാഭമുണ്ടാക്കാന്‍ പ്രകൃതി വാതക വില കൂട്ടിയത് ബി ജെ പിക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ് ഫണ്ട് മുന്നില്‍ കണ്ടാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. കോണ്‍ഗ്രസ് ഒത്താശ ചെയ്തപ്പോള്‍ പ്രതിപക്ഷമായ ബി ജെ പി മൗനം പാലിച്ച് പിന്തുണ അറിയിച്ചു.
പുറത്ത് ബദ്ധശത്രുക്കളായി അഭിനയിക്കുകയാണോ ബി ജെ പിയും കോണ്‍ഗ്രസുമെന്ന വലിയ സന്ദേഹമാണ് ഉയരുന്നത്. പ്രതീതി ശത്രുത മാത്രമാണോ ഇവര്‍ തമ്മിലുള്ളത്? കുത്തകകളുടെ അടുത്തെത്തുമ്പോള്‍ ഇവര്‍ അരുമകളായി മാറി ആ പ്രതീതി തന്നെ മറന്നുപോകുകയാണോ? സത്യത്തില്‍, അംബാനിയെ തൊട്ടാല്‍ ആകാശമിടിഞ്ഞുവീഴുമെന്ന് തന്നെ കരുതാന്‍ ന്യായങ്ങളുണ്ട്. (വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ചെറിയ പുല്‍ക്കൊടികിളൊക്കെ നുറുങ്ങിപ്പോകുമെന്നല്ലേ സിദ്ധാന്തം. അതില്‍ തെറ്റില്ലെന്നും.) ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കോര്‍പ്പറേറ്റുകളും രാഷ്ട്രീയ നേതൃത്വവുമായിയുള്ള അവിശുദ്ധ കൂട്ടുകെട്ട്. 1970കള്‍ക്ക് ശേഷം അല്‍പ്പം പൊടുന്നനെ കുതിച്ചുയര്‍ന്ന റിലയന്‍സിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഉപജാപങ്ങളുടെയും നിയമലംഘനങ്ങളുടെയും രാഷ്ട്രീയ ഒത്താശയുടെയും പശ്ചാത്തലമുണ്ട് എന്ന് ചരിത്രം പറഞ്ഞുതരും. ഇതിന് ഉദാരമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് ദേശീയ രാഷ്ട്രീയത്തിലെ വന്‍ സ്രാവുകള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ധവാന്‍, ധീരുഭായ് അംബാനിയുടെ ഒരു അടുപ്പക്കാരനായിരുന്നു. എന്തിന് അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജി (ഇപ്പോഴത്തെ ഇന്ത്യയുടെ പ്രഥമ പൗരന്‍) എന്തെല്ലാം സഹായങ്ങളാണ് ആ കമ്പനിയടക്കമുള്ള കുത്തകകള്‍ക്ക് ചെയ്തുകകൊടുത്തത്?
ജനതാ സര്‍ക്കാറില്‍ പ്രധാനമന്ത്രിയുടെ മകനായിരുന്നു അംബാനിയുടെ സഹായി. രാജീവ് ഗാന്ധിയുടെ കാലത്ത് ധനമന്ത്രിയായിരുന്ന വി പി സിംഗ് കുത്തകകള്‍ക്കെതിരെ ചില നീക്കങ്ങള്‍ നടത്തി. നികുതി കര്‍ക്കശമായി പിരിച്ചു. ധനകാര്യ മന്ത്രാലയത്തിലെ ഏജന്‍സികള്‍ റെയ്ഡുകള്‍ നടത്താന്‍ തുടങ്ങി. ടാറ്റയുടെയും ബ്രൂക്ക് ബോന്‍ഡിന്റെയും ബാറ്റയുടെയും വിജയ് മല്യയുടെയും കമ്പനികളും ഓഫീസുകളും റെയ്ഡ് ചെയ്യപ്പെട്ടു. കുത്തകകള്‍ക്കെതിരെ ഇത്ര ധീരമായി സമീപിച്ചപ്പോഴും ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന തീരുമാനങ്ങള്‍ നേരത്തെ റിലയന്‍സ് ചോര്‍ത്തിയെടുത്തിരുന്നു. പിന്നെ വി പി സിംഗിനെ ധനകാര്യ വകുപ്പില്‍ നിന്ന് പ്രതിരോധ വകുപ്പിലേക്ക് മാറ്റിയത് അംബാനിക്ക് ഗുണകരമായി. രാജീവ് ഗാന്ധിയും വി പി സിംഗും തമ്മില്‍ തെറ്റി. സിംഗ് രാജി വെച്ചതോടെ രാജീവുമായുള്ള ബന്ധം അംബാനി കൂടുതല്‍ സുദൃഢമാക്കി. രാജീവ് ഗാന്ധിക്ക് മേല്‍ അമിതാഭ് ബച്ചനുണ്ടായിരുന്ന അടുപ്പമാണ് അംബാനി ഉപയോഗപ്പെടുത്തിയത് എന്നാണ് പറയുന്നത്.
വി പി സിംഗ് പ്രധാനമന്ത്രിയായതോടെ കാര്യങ്ങള്‍ വീണ്ടും കര്‍ക്കശമായി. റിലയന്‍സിനെതിരെ പോരാടി സ്ഥലം മാറേണ്ടിവന്നവരെല്ലാം പഴയ ഇടങ്ങളില്‍ തന്നെ തിരിച്ചെത്തി. ആ വലിയ ബിസിനസ് സാമ്രാജ്യത്തിനെതിരെ ചലനങ്ങള്‍ തുടങ്ങി. അപ്പോഴേക്കും തുടങ്ങിയിരുന്നു രാഷ്ട്രീയ അസ്ഥിരത. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉന്നത ജാതിക്കാര്‍ തെരുവിലിറങ്ങി സര്‍ക്കാറിനെ വെല്ലുവിളിച്ചു. രാമക്ഷേത്ര പ്രശ്‌നം കത്തിച്ച് സംഘ്പരിവാര്‍ സര്‍ക്കാര്‍ തകര്‍ച്ചക്ക് കളമൊരുക്കി. അന്നത്തെ കുത്തിത്തിരിപ്പില്‍ റിലയന്‍സിന് പങ്കുണ്ടായിരുന്നോ? അവരുടെ ഉപജാപങ്ങളുടെ ചരിത്രം ആ സംശയത്തെ സാധൂകരിക്കുന്നുണ്ട്. (അന്ന് റിലയന്‍സിനെതിരെ ശക്തമായ നീക്കം നടത്തിയ വി പി സിംഗിനെതിരെ തെരുവിലിറങ്ങിയ സവര്‍ണ ജാതിക്കോമരങ്ങള്‍ക്കൊപ്പമായിരുന്നു കെജ്‌രിവാള്‍. ഇന്നദ്ദേഹം ആ റിലയന്‍സാണ് തന്റെ സര്‍ക്കാറിന്റെ പതനത്തിന് കാരണമെന്ന് പറയുമ്പോള്‍ അതിലെന്തോ ഒരു കാവ്യനീതിയോ വിധിവിപര്യയമോ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ചുവയ്ക്കും.)
എസ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായതോടെ നേരിയ ഇടവേളക്ക് ശേഷം പിന്നെയും റിലയന്‍സിന് നല്ല കാലം. റിലയന്‍സിന് ഇഷ്ടപ്പെട്ടവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ മടങ്ങിയെത്തി. നരസിംഹ റാവു വന്നപ്പോള്‍ കാര്യങ്ങള്‍ പിന്നെയും എളുപ്പമായി എന്ന് പറയാനില്ല. അക്കാലത്താണല്ലോ ഉദാരവത്കരണ, ആഗോളവത്കരണ നടപടികള്‍ക്ക് നാന്ദിയാകുന്നത്. എല്ലാറ്റിനും പുറമെ മന്‍മോഹന്‍ സിംഗായിരുന്നു അന്നത്ത ധനകാര്യ മന്ത്രിയെന്നത് തന്നെ പ്രധാനം. വാജ്പയി സര്‍ക്കാറിലും നല്ല നിലയില്‍ റിലയന്‍സ് സ്വാധീനം ചെലുത്തി. പ്രമോദ് മഹാജന്‍ വലിയ അടുപ്പക്കാരനായിരുന്നു റിലയന്‍സിന്റെ.
അക്കാലത്തെ വിവര സാങ്കേതിക വിദ്യയും വിറ്റഴിക്കല്‍ വകുപ്പും കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രി അരുണ്‍ ഷൂരിയെക്കുറിച്ച് ഇങ്ങനെ ഒഴുക്കനായി പറഞ്ഞുപോകാന്‍ കഴിയില്ല. ധീരുഭായ് അംബാനിക്കും റിലയന്‍സ് ഗ്രൂപ്പിനുമെതിരെ ശക്തമായി പേനയെടുത്തയാളാണ് അദ്ദേഹം. പ്രമുഖ പത്രപ്രവര്‍ത്തകനും വേള്‍ഡ് ബേങ്കിന്റെ പഴയ ശാസ്ത്രജ്ഞനുമൊക്കെയായിരുന്നു. പിന്നീട് റിലയന്‍സിന്റെ വിധേയനായാണ് ഇന്ത്യന്‍ രാഷ്ട്രീയം അദ്ദേഹത്തെ കാണുന്നത്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കണ്‍വീനര്‍ ഗുരുമൂര്‍ത്തിയുമായി ചേര്‍ന്നെഴുതിയ ലേഖനങ്ങള്‍ അക്കാലത്ത് വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചു. സി പി എം നേതാവ് നീലോല്‍പ്പല്‍ ബസുവും റഷീദ് ആല്‍വിയുമൊക്കെ റിലയന്‍സിനെതിരെ ചില നീക്കള്‍ നടത്തിയിരുന്നു.
ചുരുക്കം ചിലരും ചില പാര്‍ട്ടികളുമൊഴിച്ച് എല്ലാവരും സന്ധി ചെയ്യുകയും അനിതര സാധാരണമായ മെയ് വഴക്കം പ്രകടിപ്പിക്കുകയും ചെയ്തതതു കൂടിയാണ് റിലയന്‍സിന്റെ ഉയര്‍ച്ചയുടെ കഥ. അങ്ങനെ നോക്കുമ്പോള്‍ കെജ്‌രിവാള്‍ പറഞ്ഞ പരസ്പര സഖ്യത്തില്‍ കാര്യമുണ്ടെന്ന് പറയേണ്ടിവരും. കുത്തകകള്‍ക്ക്, വിശേഷിച്ചും റിലയന്‍സിന് അഹിതകരമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പാര്‍ട്ടിയുടെ ഉന്നതര്‍ നിര്‍ദേശം നല്‍കുന്നതായി എം പിമാര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയാറുണ്ടത്രേ.
രാഷ്ട്രീയത്തില്‍ മാത്രമല്ല, ബ്യൂറോക്രാറ്റുകളും അഴിമതിക്കാരായ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ജുഡീഷ്യറിയും എല്ലാം ഇടകലര്‍ന്നൊരു വലിയ സാമ്രാജ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് പണം വേണം. അതിന് കുത്തകകള്‍ വേണം. കുത്തകകള്‍ക്ക് നികുതിയിളവ് വേണം. നിയമത്തിന് രാഷ്ട്രീയ സ്വാധീനം വേണം. ജുഡീഷ്യറി രംഗത്തുള്ളവര്‍ക്ക് ഉന്നതങ്ങളിലെത്താന്‍ രാഷ്ട്രീയ സ്വാധീനം വേണം. കുത്തകകള്‍ക്ക് അവിഹിതമായ നിയമ ആനുകൂല്യങ്ങള്‍ക്ക് രാഷ്ട്രീയ ശിപാര്‍ശകള്‍ കിട്ടും. പണത്തിന് പുറമെയാണിത്. എഡിറ്റര്‍മാര്‍ മിക്കവരും ഇന്ന് രാഷ്ട്രീയക്കാരോടും ബിസിനസ്സാകാരോടും വിധേയത്വം പുലര്‍ത്തുന്ന കൂലിയെഴുത്തുകാരാണ്. പരസ്യമെന്ന വലിയ പ്രലോഭനം മാധ്യമ സ്ഥാപനങ്ങളെ വലിയ നിലയില്‍ ആകര്‍ഷിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം വിലക്കെടുക്കാവുന്നവരാണ് വലിയ അഭിഭാഷകര്‍. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍മാരെ വരെ വരുതിയിലാക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍, ഇന്ത്യയില്‍ കുത്തകകള്‍ പ്രതിസ്ഥാനത്തുള്ള എത്ര അഴിമതികള്‍ കൃത്യമായി അന്വേഷിക്കപ്പെട്ടിട്ടുണ്ട് എന്നന്വേഷിക്കുന്നതില്‍ വലിയ കൗതുകമില്ല.
ഇന്ത്യയുടെ പ്രസിഡന്റ് ഒരു കാലത്തെ (ഇപ്പോഴത്തെയും ആയിരിക്കില്ലേ?) റിലയന്‍സിന്റെ സ്വന്തക്കാരനാണ് എന്നുവരുമ്പോള്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ കള്ളപ്പണത്തെക്കുറിച്ചുള്ള വേദാന്തങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്? ഇടതുപക്ഷം ഒന്നാം യു പി എ സര്‍ക്കാറിനെതിരെ അവിശ്വാസം കൊണ്ടുവന്ന ഘട്ടത്തില്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്തിനായിരുന്നു? ജയ്പാല്‍ റെഡ്ഢിയുടെ പെട്രോളിയം മന്ത്രിസ്ഥാനം തെറിക്കാന്‍ കാരണം എന്താകാം? ഒരേ സമയം വിരുദ്ധ ധ്രുവങ്ങളിലുണ്ടെന്ന് പൊതു ജനം കരുതുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ വൈരുധ്യം വിസ്മരിക്കുന്നതെങ്ങനെ? ഇടതുപക്ഷമൊഴികെയുള്ള മിക്ക പാര്‍ട്ടികളുടെയും നേതൃത്വം കര്‍തൃത്വപരമായ ഒരുതരം വിധേയത്വം കുത്തകകളുമായി പുലര്‍ത്തുന്നുണ്ട്. ക്യാബിനറ്റ് തീരുമാനങ്ങള്‍ അവ പുറത്തുവരുന്നതിന് എത്രയോ മുമ്പ് തന്നെ കുത്തകകളുടെ ഫയലുകളിലെത്തുന്നതില്‍ പിന്നെ എന്തതിശയം?
ഒരു കൂട്ടര്‍ ഒത്താശ ചെയ്യുമ്പോള്‍ മറ്റേ കൂട്ടര്‍ മൗനത്തിന്റെ ഭാഷയില്‍ പിന്തുണ പ്രഖ്യാപിക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് നിലപാടു പരമായി വലിയൊരു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കെജ്‌രിവാള്‍ റിലയന്‍സിനെതിരെ കേസെടുത്തിരിക്കുന്നത്. സത്യത്തില്‍ അദ്ദേഹം ചെയ്തത് പ്രതീകാത്മകമായ ഒരു നടപടിയാണ്. ഇതിനെല്ലാം കഴിയുമെന്ന് ജനത്തോട് അദ്ദേഹം പറയുകയായിരുന്നു. അല്‍പ്പം പ്രയാസമാണെങ്കിലും. റിലയന്‍സിനെതിരെ ഒറ്റയാള്‍ സമരം നടത്തിയ റഷീദ് ആല്‍വി പണ്ടൊരിക്കല്‍ പറഞ്ഞത് ഇങ്ങനെ: ‘ഞാന്‍ പറയുന്നില്ല, എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന്. പക്ഷേ, ഞാന്‍ നിസ്സഹായനാണ്. ഇതെന്റെ അനുഭവമാണ്. റിലയന്‍സിനെതിരെ ഞാന്‍ പോരാടിയപ്പോള്‍ ഒരാളും എനിക്ക് പിന്തുണ നല്‍കിയിട്ടില്ല. ആരുമെന്നെ സഹായിച്ചില്ല. എല്ലാവര്‍ക്കും റിലയന്‍സിന് പേടിയാണ്. റിലയന്‍സ് മനുഷ്യനെ വാങ്ങിക്കാനുള്ളത്രയും ശക്തിയും ധനവും കഴിവുമുണ്ട്.’
(വിവരങ്ങള്‍ക്ക് ഡെല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഫ്രീ പ്രസ്, 2005 ഫെബ്രുവരി ലക്കത്തോട് കടപ്പാട്)

ALSO READ  വംശവെറി വീണ്ടും ഇരകളെ തേടുന്നു