ഷാര്‍ജയില്‍ വിനോദസഞ്ചാരികളുടെ വരവില്‍ 10 ശതമാനം വര്‍ധനവ്‌

Posted on: February 17, 2014 9:03 pm | Last updated: February 17, 2014 at 9:03 pm

ഷാര്‍ജ: എമിറേറ്റിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതായി ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടുറിസം ഡവലപ്‌മെന്റ് അതോറിറ്റി(എസ് സി ടി ഡി എ) അധികൃതര്‍ വ്യക്തമാക്കി. 2012ല്‍ 12,63,908 പേര്‍ വന്നിടത്ത് 2013ല്‍ 13,91,632 സഞ്ചാരികളാണ് എത്തിയതെന്ന് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ നുഐ മാന്‍ വ്യക്തമാക്കി. ഷാര്‍ജയില്‍ വിനോദസഞ്ചാരവും ഹോട്ടല്‍ ഉള്‍പ്പെട്ട ഹോസ്പിറ്റാലിറ്റി വ്യവസായവും ക്രമമായി ഉയരുന്ന അവസ്ഥയാണുള്ളത്.

ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള ഒമ്പത് മാസത്തെ കണക്കിലാണ് ഈ വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തലസ്ഥാനം കൂടിയായ ഷാര്‍ജയില്‍ എസ് സി ടി ഡി എയുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് 4,000 പരിപാടികളാണ് സംഘടിപ്പിച്ചത്. ഷാര്‍ജ പ്രകാശോത്സവം, ഷാര്‍ജ ജലോത്സവം, ഷാര്‍ജ ടുറിസം എക്‌സലന്‍സ് അവാര്‍ഡ് പരിപാടി എന്നിവ ഇതില്‍ ഉള്‍പ്പെടും.
സെപ്തംബര്‍ 2013ന് ശേഷം നടന്ന ഇത്തരം പരിപാടികള്‍ കൂടുതല്‍ ആളുകളെ എമിറേറ്റില്‍ സന്ദര്‍ശനം നടത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാധമിക നിഗമനം. എമിറേറ്റിന്റെ അറബ്-ഇസ്‌ലാമിക് സംസ്‌കാരവും രാജ്യാന്തര നിലവാരമുള്ള പരിപാടികളുമാണ് സന്ദര്‍ശകരെ വന്‍തോതില്‍ എമിറേറ്റ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ സര്‍വകാല റെക്കാര്‍ഡാണ് പ്രതീക്ഷിക്കുന്നത്.
ഷാര്‍ജ പ്രകാശോത്സവം ഇത്തരത്തില്‍ മേഖല ആതിഥേയത്വം വഹിച്ച വേറിട്ട ആഘോഷമായിരുന്നു. ഈ മാസം 14നായിരുന്നു പ്രകാശോത്സവത്തിന് കൊടിയിറങ്ങിയത്. എമിറേറ്റിലെ പ്രധാന കെട്ടിടങ്ങളും ചരിത്രം പേറുന്ന പ്രദേശങ്ങളും നിര്‍മിതികളുമെല്ലാം ആഘോഷത്തിന്റെ ഭാഗമായി വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു.
ഷാര്‍ജ സിറ്റി, ഖോര്‍ഫുക്കാന്‍, കല്‍ബ, ദിബ്ബ തുടങ്ങിയ പ്രദേശങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കൊപ്പം മൂന്നും നാലും നക്ഷത്രങ്ങളുള്ള ഹോട്ടലുകളിലും 100 ശതമാനമായിരുന്നു അതിഥികള്‍.
എമിറേറ്റില്‍ 9,573 ഹോട്ടല്‍ മുറികളാണുള്ളത്. നിരവധി ഹോട്ടലുകളുടെ നിര്‍മാണം എമിറേറ്റില്‍ നടന്നു വരുന്നു. 2015 ആവുമ്പോഴേക്കും ഹോട്ടല്‍ മുറികളുടെ എണ്ണം 12,000 ആയി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മൊത്തം സന്ദര്‍ശകരില്‍ 5,09,481(37 ശതമാനം) പേര്‍ ജി സി സി രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്. 4,55,489(33 ശതമാനം) പേര്‍ യൂറോപ്പ്, 1,92,715(14 ശതമാനം) പേര്‍ ഏഷ്യ, 1,78,268(13 ശതമാനം) പേര്‍ മറ്റ് അറബ് രാജ്യങ്ങള്‍, രണ്ടു ശതമാനം പേര്‍ അമേരിക്ക, ഒരു ശതമാനം ആഫ്രിക്ക എന്നിങ്ങിനെയായിരുന്നു അതിഥികളുടെ പട്ടിക.
എസ് സി ടി ഡി എയില്‍ അഫിലിയേറ്റ് ചെയ്ത ട്രാവല്‍ ഏജന്‍സികളുമായി കൈകോര്‍ത്താണ് സന്ദര്‍ശകരെ എമിറേറ്റിലേക്ക് ആകര്‍ഷിക്കുന്നത്. വിനോദങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഷാര്‍ജ സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പുസ്തകോത്സവമായ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം, ഷാര്‍ജ ഹെറിറ്റേജ് ഡെയ്‌സ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
കല, സംസ്‌കാരം, പാരമ്പര്യം, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട് എമിറേറ്റില്‍ അരങ്ങേറുന്ന എണ്ണമറ്റ പരിപാടികള്‍ ഏതെങ്കിലും ഒരു പ്രത്യേക വകുപ്പിന്റെ സൃഷ്ടിയല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.