എ എ പിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സോണി സോറിയും

Posted on: February 17, 2014 1:16 pm | Last updated: February 17, 2014 at 1:16 pm

soni soriന്യൂഡല്‍ഹി: ആം ആദ്മിയുടെ ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാവോവാദി ബന്ധമാരോപിച്ച് ഭരണകൂടം തടവിലാക്കി പീഡിപ്പിച്ച ആദിവാസി അധ്യാപിക സോണി സോറിയും. ആദിവാസി മേഖലയായ ബസ്തറില്‍ നിന്നാണ് സോറി മത്സരിക്കുന്നത്. നിലവില്‍ അവിടുത്തെ ജനപ്രതിനിധിയായ ബി ജെ പിയുടെ ദിനേശ് കശ്യപാണ് എതിര്‍ സ്ഥാനാര്‍ത്ഥി. മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താല്‍പര്യമുണ്ട് എന്ന് സോറി അറിയിക്കുകയായിരുന്നു എന്ന് എ എ പി നേതാവ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അവര്‍ കുറ്റവാളിയല്ല. ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ക്ക് പീഡനം നേരിടേണ്ടി വന്നതാണെന്നും ഭൂഷണ്‍ പറഞ്ഞു.

2011ലാണ് മാവോവാദി ബന്ധം ആരോപിച്ച് സോറിയെ ഛത്തീസ്ഗഢ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പിന്നീട് ഇടക്കാല ജാമ്യത്തിലിറങ്ങി. എന്നാല്‍ ഇവര്‍ക്ക് ഛത്തീസ്ഗഡില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച ഇവര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ ഛത്തീസ്ഗഢില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു.