Connect with us

Palakkad

ആയുര്‍വേദ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്ഥാപന ഉടമ അറസ്റ്റില്‍

Published

|

Last Updated

പാലക്കാട്: ആയുര്‍വേദ നിര്‍മാണ കമ്പനിയില്‍ ജോലി നല്‍കാമെന്ന പേരില്‍ 200ഓളം പേരില്‍ നിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപനമുടമയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രാമചന്ദ്രനെ (47) യാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഒരു വര്‍ഷം മുന്‍പാണ് കൊഴിഞ്ഞാമ്പാറ ആര്‍ വി പുതൂരില്‍ റൈസ്മില്‍ വാടകക്കെടുത്ത് തുളസീവനം എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്. കമ്പനിയിലെ വിവിധ തസ്തികകളിലെ ജോലിക്കായി 23,000 രൂപ മുതല്‍ 25,000 രൂപ വരെ പിരിച്ചെടുത്തു. 10,000 രൂപ മുതല്‍ 15,000 രൂപ വരെ ആദ്യ വര്‍ഷം ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു പണപ്പിരിവ്. ഒരുവര്‍ഷം കഴിഞ്ഞ് ശമ്പളം കൂട്ടി നല്‍കാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു.
പണം നല്‍കിയവരെ ട്രെയിനിംഗിനെന്നു പറഞ്ഞ് കമ്പനിയില്‍ കൊണ്ടുപോയെങ്കിലും ഇവിടെ യന്ത്രസാമഗ്രികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് സ്ഥാപനം പ്രവര്‍ത്തനക്ഷമമാകുമെന്നും അപ്പോള്‍ ബേങ്കില്‍ നിന്ന് പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. സ്ഥാപനത്തിന്റെ പേരില്‍ വിവിധ ബേങ്കുകളില്‍ നിന്നും ഇയാള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായും ആരോപണമുണ്ട്.
ശനിയാഴ്ച സ്ഥാപനം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിക്കുകയും ഇതനുസരിച്ച് ഉദ്ഘാടനത്തിന് എത്തുകയും ചെയ്തപ്പോഴാണ് പരാതിയുമായി പണം നല്‍കിയവര്‍ എത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പ്രദേശത്തു നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. ഇതില്‍ ഏറെയും സ്ത്രീകളാണ്.