ഹോട്ടല്‍ മുറ്റത്തേക്ക് ഓട്ടോ കയറ്റുന്നതിനെ ചൊല്ലി ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഏറ്റുമുട്ടി

Posted on: February 15, 2014 11:28 pm | Last updated: February 15, 2014 at 11:28 pm

പട്ടാമ്പി: ഹോട്ടലിന്റെ മുറ്റത്തേക്ക് ഓട്ടോ കയറ്റുന്നതിനെ ചൊല്ലി ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു. പട്ടാമ്പിയിലെ ഓട്ടോഡൈവര്‍ അബ്ദുല്‍ അസീസ് എന്ന ഹസ്സനാണ് പരുക്കേറ്റത്. ഇയാളെ പട്ടാമ്പി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് സംഭവം. മേലെ പട്ടാമ്പി-പാലക്കാട് റോഡിലെ അടുത്തിടെ ഉദ്ഘാടനം ചെയ്ത ത്രീസ്റ്റാര്‍ ഹോട്ടല്‍ മുറ്റത്തേക്ക് ഓട്ടോകള്‍ കയറ്റുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ടല്‍ ഉടമയും തൊഴിലാളികളും തമ്മില്‍ തര്‍ക്ക മുണ്ടായിരുന്നു. ഇതിനിടെ ഇന്നലെ ഹോട്ടല്‍ മുറ്റത്തേക്ക് യാത്രക്കാരുമായി ഓട്ടോ കയറ്റി. ഇത് സെക്യൂരിറ്റിയും ഹോട്ടല്‍ ജീവനക്കാരും തടഞ്ഞതിനെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ സംഘടിച്ചെത്തി ഹോട്ടല്‍ ഉപരോധിക്കുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ വ്യാപാരികളും ഓട്ടോ തൊഴിലാളികളും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ പട്ടാമ്പി പോലീസ് എത്തി ഓട്ടോ തൊഴിലാളികളെ ലാത്തിവീശി ഓടിക്കുകയായിരുന്നു. പോലീസിന്റെ ലാത്തിയടിയേറ്റാണ് അസീസിന് പരുക്കേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇരു വിഭാഗവും ടൗണില്‍ പ്രകടനം നടത്തി. തൊഴിലാളി യൂനിയന്‍ നേതാക്കളെത്തിയതിനെ തുടര്‍ന്നാണ് ഉപരോധക്കാര്‍ പിരിഞ്ഞുപോയത്.