സമകാലിക രാഷ്ട്രീയത്തില്‍ യുവാക്കള്‍ക്ക് വലിയ പരിഗണന: കുഞ്ഞാലിക്കുട്ടി

Posted on: February 15, 2014 10:53 pm | Last updated: February 15, 2014 at 10:53 pm

കോഴിക്കോട്: രാഷ്ട്രീയം പുതിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഇക്കാലത്ത് മുസ്‌ലിംലീഗ് യുവാക്കള്‍ക്ക് വലിയ പരിഗണന നല്‍കുമെന്ന് അഖിലേന്ത്യാ ട്രഷററും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം വര്‍ഗീയതക്കും ഫാസിസത്തിനുമെതിരായ പൊരാട്ടമാണ്. ഇതിന് നേതൃപരമായ പങ്കു വഹിക്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘മതേതര ഇന്ത്യക്ക് ഫാസിസത്തോട് പൊരുതുക’ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
16ാം ലോക്‌സഭയുടെ രാഷ്ട്രീയം ദളിതരുടെയും പിന്നാക്കക്കാരുടെയും അധസ്ഥിതരുടെയും ഉയര്‍ത്തെഴുന്നേല്‍പ്പ് വിഭാവനം ചെയ്യുന്നതാണ്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും രാഷ്ട്രീയം കാലഹരണപ്പെട്ടു കഴിഞ്ഞു. നിര്‍മാണത്തിന്റെ രാഷ്ട്രീയമാണ് ഇനി വരാനിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പി എം സാദിഖലി അധ്യക്ഷത വഹിച്ചു. എം സി മായിന്‍ഹാജി, കെ എം ഷാജി എം എല്‍ എ, ഉമ്മര്‍ പാണ്ടികശാല, സി കെ സുബൈര്‍, സി പി എ അസീസ്, അഡ്വ. എസ്. കബീര്‍ പ്രസംഗിച്ചു.