കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് പതിനാറ് ലക്ഷം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

Posted on: February 15, 2014 10:52 pm | Last updated: February 15, 2014 at 10:52 pm

കോഴിക്കോട്: കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയില്‍ നിന്ന് പതിനാറ് ലക്ഷം രൂപ കവര്‍ന്ന സംഘം പിടിയില്‍. അരീക്കാട് പാലാട്ട് ശ്രീദുര്‍ഗയില്‍ ലാലു എന്ന ഷിബിന്‍ (22), കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മണികണ്ഠന്‍ (24), അരക്കിണര്‍ പുളിക്കല്‍പറമ്പ് ഷെയ്ഖ്മഹല്‍ സിര്‍ജാന്‍ (22) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
നാല് മാസം മുമ്പ് പന്നിയങ്കരയില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. കടയടച്ച് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന തിരുവണ്ണൂര്‍ ഉദയമംഗലം പറമ്പ് സുന്ദരന്റെ കണ്ണിലാണ് മുളകുപൊടിയെറിഞ്ഞ് സംഘം പണം തട്ടിയത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി, പതിമൂന്നര ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍, രണ്ട് റാഡോ വാച്ചുകള്‍, ഒരു റോളക്‌സ് വാച്ച് എന്നിവയായിരുന്നു കവര്‍ന്നത്. മോഷ്ടിച്ച വാച്ചുകള്‍ കോഴിക്കോട് നഗരത്തില്‍ അരയിടത്തുപാലത്ത് വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. സംഭവത്തില്‍ ഒന്നാം പ്രതിയായ ഇര്‍ഷാദ് അലി എന്നയാളെ പോലീസിന് പിടികിട്ടാനുണ്ട്. ഇയാള്‍ സുന്ദരന്റെ കടയിലെ മുന്‍ ജീവനക്കാരനാണ്. കവര്‍ച്ച ആസൂത്രണം ചെയ്തതും വിദേശ കറന്‍സി വില്‍പന നടത്തി പണം പങ്കുവെച്ചതും ഇയാളാണെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
മെഡിക്കല്‍ കോളജ് സിവില്‍ പോലീസ് ഓഫീസര്‍ ബാബു മണാശ്ശേരിക്ക് ലഭിച്ച രഹസ്യ വിവരങ്ങളാണ് കേസിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചത്.
കേസന്വേഷണത്തിന് മെഡിക്കല്‍കോളജ് സി ഐ ഉല്ലാസ്, കസബ സി ഐ ബിശ്വാസ്, മെഡിക്കല്‍കോളജ് എസ് ഐ ശശിധരന്‍ ചാലില്‍, കസബ എസ് ഐ ചെന്താമരാക്ഷന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജു പാലത്ത്, ജി എസ് ശ്രീജിഷ് നേതൃത്വം നല്‍കി.