Connect with us

Malappuram

കൂട്ടുകാരുടെ തണലില്‍ സഹപാഠിക്കൊരു വീട്‌

Published

|

Last Updated

തിരൂരങ്ങാടി: ഒ യു പി സ്‌കൂളിലെ കുട്ടികളുടെ തണലില്‍ സഹപാഠിക്കൊരു സ്‌നേഹ വീട് യാഥാര്‍ഥ്യമായി. ഒ എച്ച് എസ് എസ് സ്‌കൗട്ട് ആന്റ് ഗൈഡിന്റെ സഹായത്തോടെ ഒയു പി സ്‌കൂളിലെ സ്‌കൗട്ട് ആന്റ്‌ഗൈഡ്‌സാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
പഠനത്തോടൊപ്പം സേവനമെന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി സ്‌കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പദ്ധതി മലപ്പുറം ജില്ലയില്‍ ആദ്യമായി പൂര്‍ത്തിയാകുന്നത് ഒ യു പി സ്‌കൂളിലാണ്. സ്‌കൂളിലെ കുട്ടികളില്‍ നിന്ന് പാവപ്പെട്ട ഒരു കുടുംബത്തെ കണ്ടെത്തുകയും പ്രത്യേകം കാര്‍ഡുകള്‍ തയ്യാറാക്കി സ്‌കൗട്ട്, ഗൈഡിലെ ഓരോ കുട്ടിയും കുടുംബത്തില്‍ നിന്നും അയല്‍വാസികളില്‍ നിന്നും പണം സ്വരൂപിക്കുകയും ചെയ്തു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് ആകെ ലഭിച്ചത്. പ്രദേശത്തെ രാഷ്ട്രീയ-മത-സാമൂഹ്യ സംഘടനകളുടെ സഹകരണവും ലഭിക്കുകയുണ്ടായി. 4000ത്തോളം ആളുകളില്‍ ഈ സന്ദേശമെത്തിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു. വീട് പൂര്‍ത്തിയാക്കാന്‍ ആകെ വന്ന ചെലവ് ആറ് ലക്ഷം രൂപയാണ്. കേവലം നാലുമാസം കൊണ്ടാണ് മൂന്ന് മുറികളുള്ള വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. സഹപാഠിയുടെ അഭിമാനത്തിന് ക്ഷതവും അപകര്‍ഷതാബോധവും ഉണ്ടാകാതിരിക്കാന്‍ കുട്ടിയുടെയും കുടുംബത്തിന്റെയും പേര് രഹസ്യമാക്കി വെച്ചാണ് ഈ സ്‌നേഹവീട് പൂര്‍ത്തീകരിച്ചത്. സ്‌നേഹവീടിന്റെ താക്കോല്‍ദാനം ഈമാസം 16ന് പി എസ് എം ഒ കോളജ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും.

Latest