Connect with us

Thiruvananthapuram

'അനൂപിന് അസഹിഷ്ണുത' മന്ത്രിക്ക് ഫേസ്ബുക്കില്‍ പാര്‍ട്ടി ചെയര്‍മാന്റെ മറുപടി

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഫേസ്ബുക്കിലൂടെ ഏറ്റുമുട്ടല്‍ തുടരുന്നു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ഫേസ്ബുക്ക് വിമര്‍ശത്തിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ ഭിന്നിപ്പ് മറ നീക്കി പുറത്തുവന്നു.
മുമ്പ് അഞ്ച് മന്ത്രിമാരുടെ കാലത്ത് റേഷന്‍ വ്യാപാരികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ചു സമരം നടത്തിയിട്ടുണ്ടെന്നും അന്നൊന്നും അവരാരും ഇത്തരം അസഹിഷ്ണുത കാണിച്ചിട്ടില്ലെന്നുമാണ് അനൂപിന്റെ പേര് പറയാതെ ജോണി നെല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരേ സമയം പാര്‍ട്ടി ചെയര്‍മാനും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാവുമായി അഭിപ്രായം പറയുന്നത് നീതികേടെന്നായിരുന്നു കഴിഞ്ഞദിവസം ജോണി നെല്ലൂരിനെ അനൂപ് വിമര്‍ശിച്ചത്. ഇക്കാര്യം പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കുമെന്നും അനൂപ് വ്യക്തമാക്കിയിരുന്നു.
കോളജ് കാലം മുതല്‍ റേഷന്‍ വ്യാപാരികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണു താന്‍. റേഷന്‍ വ്യാപാരിയുടെ മകനായി ജനിച്ചുവളര്‍ന്ന തനിക്ക് അവരുടെ ബുദ്ധിമുട്ട് നന്നായറിയാം. 30 വര്‍ഷമായി റേഷന്‍വ്യാപാരി സംഘടനയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യമന്ത്രിമാരായിരുന്ന ജി കാര്‍ത്തികേയന്‍, ടി എം ജേക്കബ്, അടൂര്‍ പ്രകാശ്, ടി എച്ച് മുസ്തഫ, സി ദിവാകരന്‍ എന്നിവരുടെ കാലഘട്ടങ്ങളില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിട്ടുണ്ട്. അന്നൊന്നും അവരാരും അസഹിഷ്ണുത കാണിച്ചിട്ടില്ല. ഇതൊരു സ്വതന്ത്ര സംഘടനയാണ്. നഷ്ടം സഹിച്ച് മുന്നോട്ടുപോവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആവശ്യങ്ങളുന്നയിച്ചു സമരം പ്രഖ്യാപിച്ചത്. ഇത് വലിയ അപരാധമായി കാണാന്‍ കഴിയില്ല.
യു ഡി എഫിനെയും സര്‍ക്കാറിനെയും സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകാനും മടിയില്ലാത്ത യു ഡി എഫ് പ്രവര്‍ത്തകനാണു താന്‍. ഈ സമരം ഒരു മന്ത്രിക്കോ വകുപ്പിനോ എതിരായ സമരമായി വിലയിരുത്തരുത്. 20 വര്‍ഷമായി കേരളാ കോണ്‍ഗ്രസിന്റെ നേതാവായും പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ രണ്ട് സ്ഥാനങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാണ്. തന്റെ പൊതുപ്രവര്‍ത്തനം സമൂഹം വിലയിരുത്തട്ടെയെന്നും ഫേസ്ബുക്കില്‍ ജോണി കുറിച്ചു.

Latest