സ്ത്രീകളുടെ മസ്തിഷ്‌കത്തിന് വ്യാപ്തി കുറവെന്ന് പഠനം

Posted on: February 14, 2014 8:00 am | Last updated: February 14, 2014 at 8:04 am

downloadലണ്ടന്‍: സ്ത്രീകളുടെ മസ്തിഷ്‌കത്തിന് പുരുഷന്മാരുടേതിനേക്കാള്‍ വ്യാപ്തി കുറവാണെന്ന് പഠനം. കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ മസ്തിഷ്‌കത്തിന്റെ ഘടനയെ സംബന്ധിച്ച പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 20 വര്‍ഷത്തിലേറെ പരിചയസമ്പന്നരായ ന്യൂറോളജിസ്റ്റുകളാണ് മസ്തിഷ്‌കത്തിന്റെ വലിപ്പത്തിന് ലിംഗഭേദമുണ്ടെന്ന് കണ്ടെത്തിയത്. ന്യൂറോ സയന്‍സ് ആന്‍ജ് ബയോ ബിഹേവിയറല്‍ റിവ്യൂസ് എന്ന ജേര്‍ണലില്‍ പഠനത്തിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആംബെര്‍ റിഗ്രോക്ക്, ജോണ്‍ സുക്‌ലിംഗ്, സൈമണ്‍ ബാറോണ്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ബ്രയിന്‍ ഇമേജിംഗ് ലിറ്റ്‌റേച്ചര്‍ ടെസ്റ്റിംഗ് വഴിയാണ് വലിപ്പ വ്യത്യാസം കണ്ടെത്തിയത്. 1990 നും 2013 നും ഇടയിലുള്ള വിവിധ പഠനങ്ങളും പരിഗണിച്ചു. ജനനം മുതല്‍ 80 വയസ്സ് വരെ പ്രായമുള്ളവരുടെ മസ്തിഷ്‌കത്തെ കുറിച്ചുള്ള 126 പ്രബന്ധങ്ങളും പഠനത്തിന് ആധാരമാക്കി.
പുരുഷന്‍മാരേക്കാള്‍ സ്ത്രീകളുടെ മസ്തിഷ്‌കത്തിന് എട്ട് മുതല്‍ 13 ശതമാനം വരെയാണ് വലിപ്പ വ്യത്യാസമുള്ളത്. മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വികാസം കൂടുതലും കുറവുമുള്ളത്. പുരുഷന്‍മാര്‍ക്ക് കൂടുതല്‍ അളവില്‍ കോശങ്ങള്‍ തിങ്ങിനിറഞ്ഞ നിലയില്‍ കണ്ടെത്തിയത് ടെംബറല്‍ ലോബിലെ ധാരാളം ന്യൂക്ലിയസുകളുള്ള ഇടത് അമിഗ്ലാഡയിലും ഇന്‍സുലാര്‍ കോര്‍ട്ടക്‌സിലുമാണ്. സ്ത്രീകളില്‍ ചിലര്‍ക്ക് ഇടത് ഫ്രന്‍ഡല്‍ ലോബിലും മുന്‍വശത്തെയും മധ്യ ഫ്രന്‍ഡല്‍ ലോബിലും കൂടുതല്‍ കോശങ്ങള്‍ കണ്ടെത്തി.