Connect with us

Kasargod

ജില്ലയില്‍ അടക്ക കൃഷി വികസന ബോര്‍ഡ് സ്ഥാപിക്കണമെന്ന് വികസന സമിതി

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ അടക്കാ കൃഷിവികസനത്തിനായി റബ്ബര്‍ ബോര്‍ഡ് മാതൃകയില്‍ അടക്കാ വികസന ബോര്‍ഡ് സ്ഥാപിക്കണമെന്ന് ജില്ലാ കാര്‍ഷിക വികസന സമിതി യോഗം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗ ത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
മഹാളി രോഗം മൂലം ജില്ലയില്‍ ഈ വര്‍ഷം അടക്കാ കൃഷി മേഖലയില്‍ 153 കോടി രൂപയുടെ നഷ്ടമുണ്ടായതായി കൃഷിവകുപ്പ് കണക്കാക്കിയിട്ടുണ്ട്. അടക്കാ കൃഷി ചെയ്യുന്ന ജില്ലയിലെ 18,233 ഹെക്ടര്‍ പ്രദേശത്തിലെ 10,199 ഹെക്ടര്‍ പ്രദേശത്തും മഹാളി രോഗം ബാധിച്ചിട്ടുണ്ട്. വിളയുടെ 56 ശതമാനവും രോഗം മൂലം നശിച്ചിട്ടുണ്ട്. ജില്ലയിലെത്തിയ കേന്ദ്ര സംഘം തലവന്‍ ഡയറക്ടറേറ്റ് ഓഫ് അറക്കനട്ട്-സ്‌പൈസസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഹോമി ചെറിയാനും അടക്കാ കൃഷിക്കുണ്ടായ നാശനഷ്ടം വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും കര്‍ഷകര്‍ക്കുള്ള സഹായധനം ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജില്ലയ്ക്ക് മൊബൈല്‍ മണ്ണ് പരിശോധനാ ലാബ് അനുവദിക്കണമെന്ന് യോഗം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. ഇപ്പോള്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകള്‍ക്കായുള്ള ലാബ് കണ്ണൂര്‍ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഒഴിവുള്ള കൃഷി ഉദ്യോഗസ്ഥന്‍മാരെ നിയമിക്കാന്‍ നടപടിയെടുക്കണം. നിലവില്‍ 10 കൃഷി ഓഫീസര്‍മാര്‍, രണ്ട് ഫീല്‍ഡ് ഓഫീസര്‍മാര്‍, മൂന്ന് കൃഷി അസിസ്റ്റന്റുമാര്‍ എന്നിവരുടെ ഒഴിവുകളുണ്ട്. കൂടാതെ, ജില്ലാതല ഓഫീസറായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെയും നിയമിച്ചിട്ടില്ല. കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ കര്‍ഷകര്‍ക്ക് ഒരു പഠനയാത്ര സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലയിലെ 9688 കര്‍ഷകര്‍ക്ക് പ്രതിമാസം 500 രൂപ പെന്‍ഷന്‍ നല്‍കി വരുന്നതായി അധികൃതര്‍ അറിയിച്ചു. പുതിയ 4683 പേര്‍ കൂടി അപേക്ഷ നല്‍കിയിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കും.
ജില്ലയിലെ ഓരോ കൃഷിഭവനിലും കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കൃഷിഭവന്റെ പരിധിയിലുള്ള കര്‍ഷകരുടെ കൈവശമുള്ള ഭൂമിയുടെയും അതില്‍ ചെയ്യുന്ന കൃഷിയുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ തയ്യാറാക്കാനും നിര്‍ദേശിച്ചു.
യോഗത്തില്‍ കൃഷിവികസന സമിതി അംഗങ്ങളായ എം.കുഞ്ഞാമദ്, പി വി കുഞ്ഞിരാമന്‍, കെ വര്‍ഗീസ് കല്ലിങ്കക്കുടിയില്‍, എ എ അബ്ദുറഹ്മാന്‍, അഹമ്മദലി കയ്യംകൂടല്‍, പി കെ കുമാരന്‍ നായര്‍, സിദ്ദിഖലി മൊഗ്രാല്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, സജി ജോസഫ് കക്കുഴിയില്‍, എം കുഞ്ഞമ്പാടി, കെ പി മാധവി, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ സാജന്‍ തോമസ്, പി പ്രദീപ്, പി ഗിരിജ, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു.