മാനസിക വെല്ലുവിളി നേരിടുന്നവരുടെ സുരക്ഷ: 64 പേര്‍ക്ക് ‘ലീഗല്‍ ഗാര്‍ഡിയന്‍സ്’

Posted on: February 13, 2014 12:15 pm | Last updated: February 13, 2014 at 12:15 pm

മലപ്പുറം: ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹു വൈകല്യം എന്നിവയുള്ള 18 വയസിന് മുകളിലുള്ള 64 പേര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കിയതായി ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഭൗതികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്നതിന് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം രൂപവത്കരിച്ച ജില്ലാ കലക്റ്റര്‍ അധ്യക്ഷനായ സമിതിയാണ് ‘രക്ഷിതാവിനെ’ നിയമിച്ച് നല്‍കിയത്. സ്വന്തമായി തീരുമാനമെടുക്കുന്നതിലും സ്വത്ത് കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രയാസങ്ങള്‍ മനസിലാക്കി ഇത്തരക്കാരുടെ വ്യക്തിപരമായ പരിചരണത്തിന്റെയും സ്വത്തിന്റെയും ചുമതലയാണ് ലീഗല്‍ ഗാര്‍ഡിയന് നല്‍കുന്നത്. എന്നാല്‍ സ്വത്തവകാശം ലീഗല്‍ ഗാര്‍ഡിയന് കൈമാറില്ല.
ലീഗല്‍ ഗാര്‍ഡിയനാവാന്‍ രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്കും ജില്ലാ സാമുഹിക നീതി ഓഫീസില്‍ അപേക്ഷ നല്‍കാം. നേരത്തെ കോടതികള്‍ മുഖേനെ നടന്നിരുന്ന നടപടിക്രമങ്ങളാണ് നിലവില്‍ ജില്ലാതല സമിതി രൂപവത്കരിച്ച് ത്വരിതപ്പെടുത്തി ഉത്തരവ് നല്‍കുന്നത്. നിരീക്ഷിണത്തിന് വിധേയമാക്കി നിയമപരമായ രക്ഷിതാവിനെ മാറ്റുന്നതിനുള്ള അധികാരവും ജില്ലാതല സമിതിക്കുണ്ട്. സിവില്‍ സര്‍ജന്‍, അഭിഭാഷകന്‍, സാമുഹികനീതി വകുപ്പിന്റെ പ്രതിനിധി, ‘ഭിന്നശേഷിയുള്ള വ്യക്തി, നാഷനല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ പ്രതിനിധി എന്നിവരടങ്ങുന്ന സമിതി എല്ലാ മാസവും യോഗം ചേര്‍ന്നാണ് ലഭിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ ഇവരെ പങ്കാളികളാക്കുന്നതിനും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചുമതലയും ജില്ലാതല സമതിയില്‍ നിക്ഷിപ്തമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ സാമൂഹിക നീതി വകുപ്പ് മുഖേനെ 85 സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് 3.4 കോടി ഗ്രാന്റ് നല്‍കി. ഒരാള്‍ക്ക് 525 രൂപ വീതമാണ് നല്‍കിയത്. ബജറ്റില്‍ ഈ തുക 1000 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന 158 മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 7.9 ലക്ഷം നല്‍കി.
സവിശേഷ കഴിവുള്ളവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 28 കുട്ടികള്‍ക്ക് 1.60 ലക്ഷം രൂപ കൂടാതെ ദാരിദ്ര രേഖക്ക് താഴെയുള്ള വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ 413 കുട്ടികള്‍ക്ക് പഠനസഹായമായി 11 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.