പറവൂര്‍ പീഡനക്കേസ്: മുഖ്യമന്ത്രിക്ക് പെണ്‍കുട്ടിയുടെ കത്ത്

Posted on: February 13, 2014 11:14 am | Last updated: February 14, 2014 at 9:09 am

letterകൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് കേസിന്റെ വിചാരണ നീണ്ടുപോവുന്നു എന്ന് പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി. മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു വര്‍ഷമായി കേസിന്റെ വിചാരണ തുടങ്ങിയിട്ടെങ്കിലും ആറു കേസുകളില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയായത്. രണ്ട് കൊല്ലത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കോടതി പറഞ്ഞത്. സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തുകൊണ്ടാണ് വിചാരണ നീട്ടിവെച്ചത്. തനിക്കിപ്പോള്‍ 18 വയസ്സായി. ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയാന്‍ തനിക്കിപ്പോള്‍ നിയമപരമായി അനുവാദമില്ല. സര്‍ക്കാറിന്റെ പ്രത്യേക അനുവാദത്തിലാണ് ഇവിടെ കഴിയുന്നത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയത് ആറ് കേസുകളില്‍ മാത്രമാണ്. ഇനി 42 കേസുകളില്‍ വിചാരണ നടക്കാനുണ്ട്. കേസിന്റെ വേഗത ഇതാണെങ്കില്‍ മുഴുവന്‍ തീര്‍പ്പാക്കാന്‍ 20 വര്‍ഷമെങ്കിലുമെടുക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു.

കേസുകളില്‍ ജാമ്യം കിട്ടിയവര്‍ പുറത്തിറങ്ങി സുഖവാസത്തിലാണ്. തനിക്ക് ഇപ്പോഴും പുറത്തിറങ്ങാനോ പഠിക്കാനോ സാധിക്കുന്നില്ല. കേസ് എത്രയും വേഗം തീര്‍ന്നാല്‍ തനിക്ക് പഠനം തുടരാമായിരുന്നു. നന്നായി പഠിച്ച് തന്നെ നശിപ്പിച്ചവര്‍ക്ക് മുമ്പില്‍ ജീവിച്ചു കാണിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി കത്തില്‍ പറഞ്ഞു.

40 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഒബ്‌സര്‍വേഷന്‍ ഹോമില്‍ 120 പേര്‍ താമസിക്കുന്നത് ഹോമിന്റെ ദുരവസ്ഥയാണ് കാണിക്കുന്നതെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.