Connect with us

Ongoing News

കാലവര്‍ഷ രോഗപ്രതിരോധം: നടപടികള്‍ തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഈ മാസം തന്നെ ജില്ലാതലങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാരും യോഗങ്ങളില്‍ പങ്കെടുക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഓരോ വാര്‍ഡിനും കഴിഞ്ഞ വര്‍ഷത്തെ പോലെ 25,000 രൂപ വീതം ധനസഹായം നല്‍കും. ഇതില്‍ 10,000 രൂപ ശുചിത്വമിഷനും 10,000 രൂപ എന്‍ ആര്‍ എച്ച് എമ്മും നല്‍കും. ബാക്കി 5,000 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതിയും പഞ്ചായത്തുകള്‍ക്ക് നല്‍കും. ശുചിത്വ മിഷന്റെ ഫണ്ട് മാര്‍ച്ചിലും എന്‍ ആര്‍ എച്ച് എം ഫണ്ട് ഏപ്രിലോടെയും വിതരണം ചെയ്യാന്‍ തീരുമാനമായി. തുക വിനിയോഗിക്കുന്നതിനുള്ള അനുമതി പഞ്ചായത്തുകള്‍ക്ക് ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വരള്‍ച്ചാ കാലത്ത് ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ജലവിഭവ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ക്കാവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് കേരളം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. പൂര്‍ണമായും മോചനം നേടിയെന്ന് അവകാശപ്പെട്ട രോഗങ്ങള്‍ വീണ്ടും സംസ്ഥാനത്ത് തിരിച്ചുവരുന്നതായാണ് മനസ്സിലാകുന്നത്. അതിനാല്‍, രോഗം വരുന്നത് തടയുന്നതിന് പഞ്ചായത്തുതലം മുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ വേഗത്തില്‍ ഇറക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
നിരന്തരമായുണ്ടാകുന്ന പൈപ്പ് പൊട്ടല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിട്ടിയുടെ ഭാഗത്തുനിന്ന് ഫലപ്രദ നടപടികളുണ്ടാകുന്നില്ല. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് മലിനജലമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഗുണനിലവാരമുള്ള ജലമാണ് വിതരണം ചെയ്യുന്നതെന്ന് വാട്ടര്‍ അതോറിട്ടി ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
തലസ്ഥാനത്തെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി ഖരമാലിന്യ സംസ്‌കരണം, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്നിവക്കായി മിനി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നഗരസഭയുടെ നിര്‍ദേശം നാല് മാസമായിട്ടും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ കെ ചന്ദ്രിക കുറ്റപ്പെടുത്തി. എന്നാല്‍, നഗരസഭ നല്‍കിയ എസ്റ്റിമേറ്റില്‍ പിശകുള്ളതിനാലാണ് നിര്‍ദേശം തിരിച്ചയച്ചതെന്നും സര്‍ക്കാറിന്റെ ഭരണാനുമതി ലഭിച്ചാല്‍ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്‍കുമെന്നും ശുചിത്വമിഷന്‍ വിശദീകരണം നല്‍കി.

 

Latest