Connect with us

Gulf

ഭരണകൂട ഉച്ചകോടിക്ക് ഉജ്വല തുടക്കം

Published

|

Last Updated

Satelliteദുബൈ: ദുബൈ ഗവണ്‍മെന്റ് സമ്മിറ്റിന് ഉജ്വല തുടക്കം. വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്കു ലഭിച്ചതിനു ശേഷം ആദ്യത്തേത് എന്ന നിലയിലും ഉച്ചകോടിയിലെ ആദ്യദിനം ആവേശകരമായി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും, മകനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഏറെ നേരം സദസില്‍ ഇരുന്നതും കൗതുകകരമായി.

വേള്‍ഡ് എക്കണോമിക് ഫോറം എക്‌സി ചെയര്‍മാന്‍ ക്ലൗസ് ഷ്വാബിന്റെതായിരുന്നു ആമുഖം. അതിനു ശേഷം യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സംസാരിച്ചു. എക്‌സ്‌പോ 2020ന് വേദിയാകാന്‍ യു എ ഇക്ക് കഴിഞ്ഞത് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ശൈഖ് സൈഫ് പറഞ്ഞു.
“ശൈഖ് മുഹമ്മദ് അന്ന് പറഞ്ഞ കാര്യമാണ് ഓര്‍മയില്‍ വരുന്നത്. എക്‌സ്‌പോയുടെ വേദിക്കായുള്ള മത്സരത്തില്‍ യു എ ഇ പരാജയപ്പെട്ടാല്‍ യു എ ഇ അതിനു സമാനമായ മറ്റൊരു വേദിയൊരുക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു സവിശേഷമായ നേത്യഗുണത്തിന്റെ സ്വഭാവമാണത്. 40 വര്‍ഷം മുമ്പ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ യു എ ഇ രൂപവത്കരിക്കാന്‍ ശ്രമം നടത്തുമ്പോഴും ഇതേ നേതൃഗുണമാണ് പ്രദര്‍ശിപ്പിച്ചത്. യു എ ഇയെ സന്തോഷകരമായ രാജ്യമാക്കാനാണ് രാഷ്ട്ര ശില്‍പികള്‍ ലക്ഷ്യമിട്ടത്. അത് സാധിച്ചെടുക്കാന്‍ കഴിഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യം യു എ ഇയെ തളര്‍ത്തിയില്ല. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 113 ശതമാനം വര്‍ധനവാണുണ്ടായത്. ജനങ്ങളുടെ സംതൃപ്തിയുടെ അളവുകോലില്‍ മധ്യപൗരസ്ത്യ ദേശത്ത് ഒന്നാം സ്ഥാനത്തെത്താന്‍ യു എ ഇക്ക് കഴിഞ്ഞു. ആഗോള തലത്തില്‍ 14-ാം സ്ഥാനമുണ്ട്”-ശൈഖ് സൈഫ് ചൂണ്ടിക്കാട്ടി. ഈജിപ്തിന്റെ ശത്രുക്കള്‍ യു എ ഇയുടെ ശത്രുക്കളാണെന്നും ശൈഖ് സൈഫ് പറഞ്ഞു.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരണമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, വാഹനങ്ങളുടെ രജിസ്‌ട്രേഷനിനും മറ്റും സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തണം. 2015 അവസാനത്തോടെ മൊബൈല്‍ ഫോണ്‍ വഴി എല്ലാ സേവനങ്ങളും സാധ്യമാക്കണം. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അല്‍ തായര്‍ പറഞ്ഞു. ഏതാനും വര്‍ഷത്തിനകം, സ്വയം ഓടുന്ന വാഹനങ്ങളാണ് വരാന്‍ പോകുന്നതെന്ന് അമേരിക്കയിലെ സിംഹുലാരിറ്റി സര്‍വകലാശാല പ്രഫസര്‍ ബ്രാഡ് ടെമ്പള്‍ട്ടന്‍ പറഞ്ഞു.
നമുക്ക് കാര്‍ കാണാന്‍കഴിയും. പക്ഷേ ഡ്രൈവര്‍ ഉണ്ടാകില്ല. കാര്‍, ഒരു ഡെലിവറി ബോയിയുടെ ദൗത്യം നിര്‍വഹിക്കും- അദ്ദേഹം വ്യക്തമാക്കി.
പൗരന്‍മാര്‍ സ്വയം സ്വതന്ത്രരാകുന്ന സാമൂഹിക കാഴ്ചപ്പാട് അനിവാര്യമാണെന്ന് സാമൂഹിക ക്ഷേമ മന്ത്രി മറിയം അല്‍ റൂമി അഭിപ്രായപ്പെട്ടു. നവീനമായ ഇത്തരം ആശയ പ്രകടനങ്ങള്‍ കൊണ്ട് ജീവസുറ്റതായിരുന്നു ആദ്യ ദിവസം. മന്ത്രി മറിയം റൂമിയുടെ പ്രഭാഷണം ആദ്യാവസാനം സദസിനു പിന്നിലിരു ന്നാണ് ശൈഖ് മുഹമ്മദ് ശ്രവിച്ചത്.
നിരവധി നഗരങ്ങളിലെ മേയര്‍മാര്‍ ഉച്ചകോടിക്കെത്തിയിരുന്നു. പൗരന്‍മാരുടെ വിവിര ശേഖരണം സേവന മികവിന് അനിവാര്യമാണെന്ന് ബോള്‍ നഗരത്തിന്റെ ഉപമേയര്‍ ഡോ. ഗുണ്‍സോകിം പറഞ്ഞു. ഉച്ചകോടി നാളെ സമാപിക്കും.
ദുബൈ ഗവണ്‍മെന്റിന്റെ 2021 ആസൂത്രണ പദ്ധതി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം ഉച്ചകോടിയില്‍ ഉദ്ഘാടനം ചെയ്തു. 2021 നകം ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമായി ദുബൈ മാറുമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു