Connect with us

Articles

വേറിട്ട ശബ്ദത്തിന് ഇനി ഔദ്യോഗിക സ്വരം

Published

|

Last Updated

നട്ടെല്ലിന്റെ വില അറിയുന്ന രാഷ്ട്രീയ നേതാക്കളുടെ ഗണത്തിലാണ് വി എം സുധീരന്റെ സ്ഥാനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത് അപൂര്‍വമാണെന്നതിനാല്‍ അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയുടെ തിളക്കം കൂട്ടുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലായ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഒരു കാലത്ത് ഗ്രൂപ്പുകള്‍ ചവിട്ടിമെതിച്ച നേതാവ് എത്തുന്നത് തികച്ചും യാദൃച്ഛികം. കാര്‍ക്കശ്യവും എളിമയും ചേരുന്നതാണ് വി എം സുധീരന്‍. നിലപാടുകളുടെ മൂര്‍ച്ച അദ്ദേഹത്തിന് ഒരു യോദ്ധാവിന്റെ മുഖം നല്‍കുന്നു. കൊള്ളരുതായ്മകളോട് കലഹിച്ചും ജനപക്ഷ നിലപാടുകള്‍ക്കൊപ്പം നിന്നും രൂപപ്പെടുത്തിയതാണ് സുധീരന്റെ രാഷ്ട്രീയ ശൈലി. ശരിയെന്ന് തോന്നുന്നത് ഉറക്കെവിളിച്ചു പറയും. വിയോജിപ്പ് രേഖപ്പെടുത്തുന്നവരുമായി കലഹിക്കും. ഇതില്‍ ഹൈക്കമാന്‍ഡ് ലോകമാന്‍ഡ് വ്യത്യാസമുണ്ടായില്ല. സുധീരനെ ജനപ്രിയനാക്കുന്നതും ഈ വിശേഷണങ്ങള്‍ തന്നെ.
ഈ നിലപാടുകളുടെ കരുത്തുമായാണ് സുധീരന്‍ ഇന്ദിരാ ഭവന്റെ അധിപനാകുന്നത്. അഴിമതിരഹിത രാഷ്ട്രീയ ജീവിതത്തിനും ഉറച്ച നിലപാടുകള്‍ക്കും കിട്ടിയ അംഗീകാരം കൂടിയാണ് ഈ പദവി. സ്പീക്കറും ആരോഗ്യമന്ത്രിയും എം പിയും എം എല്‍ എയുമെല്ലാം ഔദ്യോഗിക ജീവിതത്തില്‍ വഹിച്ച ശേഷമാണ് സുധീരന്‍ പാര്‍ട്ടിയെ നയിക്കാനെത്തുന്നത്. പദവി ഏതായാലും അതിനോട് നീതി പുലര്‍ത്താനും ഒപ്പം ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും ഒരേസമയം പോരാടുന്ന അപൂര്‍വം വ്യക്തിത്വങ്ങളേ രാഷ്ട്രീയത്തിലുള്ളൂ. സുധീരന്റെ സ്ഥാനം ഇതിന്റെ മുന്‍ നിരയില്‍ തന്നെ. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും തെളിമയാര്‍ന്ന ജീവിതത്തിന് ഉടമ.
സുധീരമായ നിലപാടുകള്‍ തന്നെയാണ് സുധീരനെ കേരളത്തിന് പരിചിതമാക്കിയത്. പാര്‍ട്ടിക്കുള്ളിലും പുറത്തും എന്നും വേറിട്ട ശബ്ദമായിരുന്നു സുധീരന്‍. അധികാരത്തിന് വേണ്ടി സന്ധി ചെയ്യാതെയും അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും കൈയിലെത്തിയ സ്ഥാനമാനങ്ങള്‍ വേണ്ടെന്നു വെച്ചും തന്റെ നിലപാടുകളുടെ വിശ്വാസ്യത കൂട്ടി സുധീരന്‍ മാറി നിന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനമോഹികള്‍ ഡല്‍ഹിയില്‍ തമ്പടിക്കുമ്പോള്‍ മത്സരിക്കണമെന്ന അഭ്യര്‍ഥന സ്‌നേഹപൂര്‍വം നിരസിച്ച് സുധീരന്‍ വേറിട്ടു നിന്നു.
വോട്ടിന് വേണ്ടി സമുദായ നേതാക്കള്‍ക്ക് മുന്നില്‍ ഒരിക്കല്‍ പോലും മുട്ട് മടക്കിയില്ല. അധികാരസ്ഥാനങ്ങളിലെത്തിയപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്തില്ല. സുധീരന്‍ ആലപ്പുഴയില്‍ മത്സരിച്ചപ്പോഴെല്ലാം തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ കച്ചമുറുക്കിയതിന്റെ കാരണവും ഇതു തന്നെ. സുധീരന്‍ കെ പി സി സി പ്രസിഡന്റാകുമ്പോള്‍ കൂടുതല്‍ ഉറക്കം നഷ്ടപ്പെടുന്നതും ഇവര്‍ക്കാകും. സുധീരനായ നേതാവിന്റെ നിലപാടുകള്‍ക്കാണ് ഹൈക്കമാന്‍ഡ് പ്രസിഡന്റ് സ്ഥാനം വെച്ചു നീട്ടിയിരിക്കുന്നത്. സത്യസന്ധതയും ആദര്‍ശധീരതയും ജനങ്ങളുടെ ഇടയിലെ സ്വീകാര്യതയും അതിലുപരി പാര്‍ട്ടിക്കൂറുമാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ സുധീരനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. തിരുത്തല്‍വാദിയാകാതെ പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിന് വേണ്ടി വാദിക്കുന്നതായിരുന്നു വിദ്യാര്‍ഥി കാലം മുതലേ വി എം സുധീരന്റെ ശൈലി. എ ഗ്രൂപ്പുകാരനായിരുന്നപ്പോള്‍ ഗ്രൂപ്പിന്റെ ചെയ്തികളോടെല്ലാം യോജിക്കാന്‍ കഴിയാത്തത് കൊണ്ട് അതും മതിയാക്കി. പിന്നെ നേതാവെന്നോ അണിയെന്നോ വ്യത്യാസമില്ലാതെ യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ക്കെല്ലാം പ്രിയപ്പെട്ട വി എം ആയി. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സാധാരണക്കാരന്റെ വികാരവിചാരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരാളാകണം കെ പി സി സി പ്രസിഡന്റ് എന്ന രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തലാണ് ഇതുവരെ കഴിവുകളുടെ പേരില്‍ മാത്രം അംഗീകരിക്കപ്പെട്ട വി എം സുധീരനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരക്കാരനാക്കിയത്. സ്ഥാനമാനങ്ങള്‍ക്ക് പിറകേ പോകാതിരിക്കുകയും കിട്ടിയ സ്ഥാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്തതാണ് സുധീരന്റെ പൂര്‍വകാലം.
1948 മേയ് 26ന് തൃശൂരിലെ അന്തിക്കാട്ട് പഞ്ചായത്തിലെ പടിയത്ത് വി എസ് മാമു മാസ്റ്ററുടെയും ഗിരിജയുടെയും മകനായാണ് സുധീരന്റെ ജനനം. എസ് എസ് എല്‍ സി പഠന കാലത്ത് നടന്ന കെ എസ് യു പഠന ക്യാമ്പാണ് സുധീരനെന്ന ബാലന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കെ എസ് യുവിന്റെ പ്രസിഡന്റ് അന്ന് വയലാര്‍ രവിയായിരുന്നു.
വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കൃത്യവും വ്യക്തവുമായി ക്യാമ്പില്‍ അവതരിപ്പിച്ച സുധീരന്റെ മേല്‍ അന്നു തന്നെ നേതൃത്വത്തിന്റെ കണ്ണുടക്കി. 1964ല്‍ 21 അംഗ കെ എസ് യു സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരു പുതിയ നേതാവ് ജന്മമെടുക്കുകയായിരുന്നു. തുടര്‍ന്ന് കെ എസ് യു പ്രസിഡന്റായ സുധീരന്‍ 1971 മുതല്‍ 73 വരെ വിദ്യാര്‍ഥി യൂനിയനെ നയിച്ചു. 1975ലാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1977വരെ ആ സ്ഥാനത്ത് തുടര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി.
1977ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുധീരന്‍ സ്ഥാനാര്‍ഥിയായത് തന്നെ വലിയ കഥയാണ്. യൂത്ത് കോണ്‍ഗ്രസുകാരില്‍ ആരും മത്‌സരിക്കേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം. സുധീരന്‍ മത്സരിച്ചേ തീരുവെന്ന് പാര്‍ട്ടി നേതൃത്വവും. വയലാര്‍ രവിയുടെ വീട്ടില്‍ മേഴ്‌സി രവിയും എ കെ ആന്റണിയും പാടുപെട്ടാണ് മത്‌സരരംഗത്ത് ഇറങ്ങാന്‍ സുധീരനെക്കൊണ്ട് സമ്മതിപ്പിച്ചത്. ആലപ്പുഴ മണ്ഡലത്തിലായിരുന്നു ആദ്യമത്സരം. എതിര്‍സ്ഥാനാര്‍ഥി ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ് ഇ ബാലാനന്ദന്‍. 29 വയസ്സ് മാത്രമുള്ള സുധീരനെ അന്ന് പാര്‍ലിമെന്റിലെത്തിക്കാന്‍ ആലപ്പുഴയിലെ വോട്ടര്‍മാര്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. കോണ്‍ഗ്രസുകാര്‍ സ്‌നേഹപൂര്‍വം വി എം എന്ന് വിളിക്കുന്ന സുധീരന്റെ ജനപ്രതിനിധിയെന്ന നിലയിലുള്ള രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് ഇവിടെയാണ്.
1980 മുതല്‍ 96വരെ നിയമസഭയിലും വി എം സുധീരന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 82 മുതല്‍ 87വരെ നിയമസഭാ സ്പീക്കറായി. 1995ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി തിളങ്ങി. മന്ത്രിസ്ഥാനം വഹിച്ചത് ഒരു വര്‍ഷം.
ആരോഗ്യ മേഖലയുടെ കേരളാ മോഡലില്‍ സുധീരന്‍ വഹിച്ച പങ്ക് വലുതായിരുന്നു. ആശുപത്രികളില്‍ മരുന്നില്ലെന്നോ ഡോക്ടര്‍മാരുടെ സേവനം പോരെന്നോ ആരെങ്കിലും പരാതി പറഞ്ഞാല്‍ അവിടെ നേരിട്ടെത്തുന്നതായിരുന്നു രീതി. ഏത് നിമിഷവും ആശുപത്രികളില്‍ മന്ത്രി നേരിട്ടെത്തുമെന്ന് വന്നതോടെ ആരോഗ്യ ചികിത്സാരംഗം അഴിമതിരഹിതമായി. ഒപ്പം ജനങ്ങള്‍ ഏത് പരാതിയും മന്ത്രിയോട് നേരിട്ട് പറയുന്ന രീതിക്കും അന്ന് സുധീരന്‍ തുടക്കമിട്ടു.
1996ല്‍ ടി ജെ ആഞ്ചലോസിനെയും 98ല്‍ അഡ്വ. സി എസ് സുജാതയെയും 99ല്‍ നടന്‍ മുരളിയെയും ആലപ്പുഴ മണ്ഡലത്തില്‍ തോല്‍പ്പിച്ച് സുധീരന്‍ പല കുറി പാര്‍ലിമെന്റിലെത്തി. സുധീരനെ പരാജയപ്പെടുത്തുമെന്ന് ആഹ്വാനം ചെയ്ത സമുദായ നേതാക്കള്‍ സ്വന്തം തട്ടകത്തില്‍ ഇളിഭ്യരാകുന്ന കാഴ്ചയും അന്ന് കേരളം കണ്ടു.
2004ല്‍ താനിനി മല്‍സരരംഗത്തേക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സുധീരനെ സോണിയാ ഗാന്ധി ഇടപെട്ട് മത്സരത്തിന് കൊണ്ടുവന്നു. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ള യുവജന നേതാവ് അഡ്വ. കെ എസ് മനോജായിരുന്നു എതിര്‍സ്ഥാനാര്‍ഥി. ആലപ്പുഴ മണ്ഡലത്തിലെ ആറാട്ടുപുഴ മേഖലയിലെ കരിമണല്‍ ഖനനത്തിനെതിരെ ധീരമായ നിലപാടുകളുമായി സുധീരന്‍ മുന്നോട്ടുപോകുന്ന കാലമായിരുന്നു അത്. സുധീരന്റെ സ്ഥാനാര്‍ഥിത്വം കരിമണല്‍ ലോബിക്ക് തിരിച്ചടിയായി. സുധീരനെ തോല്‍പ്പിക്കാന്‍ അന്ന് കരിമണല്‍ ലോബി കാശിറക്കി. ഒപ്പം, വി എസ് സുധീരനെന്ന അപരന്‍ കൂടി കളത്തിറങ്ങിയതോടെ 1009 വോട്ടുകള്‍ക്ക് മനോജിനോട് തോല്‍ക്കേണ്ടിവന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വി എസ് സുധീരനെന്ന അപരന്‍ നേടിയത് എണ്ണായിരത്തിലധികം വോട്ടുകള്‍. തിരഞ്ഞെടുപ്പ് ജീവിതത്തിലെ ആദ്യ തോല്‍വി അന്ന് സുധീരനെ തേടിയെത്തി. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ നിന്ന് സുധീരന്‍ സ്വയം മാറിനിന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന നിലപാട് പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു സുധീരന്റെ പിന്മാറ്റം. കെ പി സി സി ജനറല്‍ സെക്രട്ടറി, നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സുധീരന്‍ നിലവില്‍ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി അംഗമാണ്. കഴിഞ്ഞ ഒരു ദശകമായി അധികാരസ്ഥാനങ്ങളിലൊന്നുമില്ലാതെ ജനങ്ങളോടൊപ്പം അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്ന സുധീരന്‍ കോണ്‍ഗ്രസിന്റെ അമരത്തേക്ക് വരുമ്പോള്‍ അത് പാര്‍ട്ടിയിലും സര്‍ക്കാറിലും വലിയ ചലനങ്ങളുണ്ടാക്കും.