Connect with us

International

അന്താരാഷ്ട്ര സൗഹാര്‍ദ സമ്മേളനം മലേഷ്യയില്‍ സമാപിച്ചു

Published

|

Last Updated

ക്വാലാലമ്പൂര്‍ (മലേഷ്യ): ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ഫൈത്ത് ഹാര്‍മണി പദ്ധതിയുടെ ഭാഗമായി ഈ മാസം മൂന്ന് മുതല്‍ എട്ട് വരെ സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര സൗഹാര്‍ദ സമ്മേളനം മലേഷ്യന്‍ തലസ്ഥാനമായി ക്വാലാലമ്പൂരില്‍ സമാപിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ അക്കാദമി, ഒ ഐ സി ടുഡേ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ 50 അംഗ പ്രതിനിധി സംഘം സമ്മേളനത്തില്‍ സംബന്ധിച്ചു. അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, മലേഷ്യന്‍ ഭരണ സിരാകേന്ദ്രമായ പുത്രജയ എന്നിവിടങ്ങളില്‍ ആറ് ദിവസങ്ങളിലായി നടന്ന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ റഹ്മാന്‍ ഖാന്‍ ആണ് ഉദ്ഘാടനം ചെയ്തത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ സെക്രട്ടറി ഡോ. റോബര്‍ട്ട് ഡി ക്രയിന്‍ മുഖ്യപ്രഭാഷണം നടത്തി.
സമ്മേളത്തിന്റെ ഉപദേശക പാനലില്‍ അംഗമായ സയ്യിദ് ഇബ്‌റഹീമുല്‍ ഖലീലുല്‍ ബുഖാരി മോഡറേഷന്റെ ഇന്ത്യന്‍ അനുഭവത്തെപ്പറ്റി പ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി മലേഷ്യന്‍ യൂനിവേഴ്‌സിറ്റി ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്ടുമെന്റിനു കീഴില്‍ പ്രശസ്ത കേരള ആര്‍ക്കിടെക്റ്റ് നസീര്‍ ഖാനെക്കുറിച്ചുള്ള പ്രത്യേക എക്‌സിബിഷനും സംഘടിപ്പിച്ചിരുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ റഹ്മാന്‍ ഖാന്‍ അദ്ദേഹത്തിനുള്ള പ്രത്യേക പുരസ്‌കാരം വിതരണം ചെയ്തു.
മൂന്നാമത് അന്താരാഷ്ട്ര ഹാര്‍മണി അവാര്‍ഡ് കുവൈത്ത് ഔഖാഫ് അണ്ടര്‍ സെക്രട്ടറി ഡോ. ആദില്‍ ഫലാഹിനുവേണ്ടി കുവൈത്ത് മോഡറേഷന്‍ സെന്റര്‍ ഡയറക്ടര്‍ അലി അല്‍ ശദ്ദാദ് ഏറ്റുവാങ്ങി.
മലേഷ്യന്‍ പ്രധാനമന്ത്രിക്കു കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷനല്‍ യൂനിറ്റി ആന്‍ഡ് ഇന്റഗ്രേഷന്‍ മേധാവി ദത്തു ആസ്മാന്‍ അമീന്‍ ഹസന്‍, ആസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂനിവേഴ്‌സിറ്റി മള്‍ട്ടി ഫെയ്ത്ത് സെന്റര്‍ ഡയറക്ടര്‍ ഡോ. ബ്രിയാന്‍ ആദംസ്, യു എ ഇ ശൈഖ് സായിദ് യൂനിവേഴ്‌സിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നസ്ര്‍ മുഹമ്മദ് ആരിഫ്, മലേഷ്യന്‍ സര്‍വകലാശാലാ റെക്ടര്‍ സ്വാലിഹ ഖമറുദ്ദീന്‍, ഡെപ്യൂട്ടി റെക്ടര്‍ അബ്ദുല്‍ അസീസ് ബര്‍ഗൂത്ത്, മാതൃഭൂമി എം ഡി. എം പി വീരേന്ദ്ര കുമാര്‍, കാലിക്കറ്റ് മുന്‍ വി സിയും മഅ്ദിന്‍ അന്താരാഷ്ട്ര ഗവേഷണ വിഭാഗം ഡയറക്ടറുമായ, ഡോ. കെ കെ എന്‍ കുറുപ്പ്, അന്താരാഷ്ട്ര പ്രശസ്ത ആര്‍ക്കിടെക്റ്റ് അബ്ദുല്‍ വാഹിദ് അല്‍ വക്കീല്‍, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് വിവിധ സെഷനുകളില്‍ സംബന്ധിച്ചു.

 

Latest