സംഗീത സംവിധായകന്‍ ഇളയാരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ ഇസ്‌ലാം സ്വീകരിച്ചു

Posted on: February 10, 2014 3:40 pm | Last updated: February 11, 2014 at 9:03 am

yuvan shankar raja_1

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകനും ഗാനരചയിതാവുമായ യുവാന്‍ ശങ്കര്‍ രാജ ഇസ്‌ലാം മതം സ്വീകരിച്ചു. തന്റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് യുവാന്‍ ശങ്കര്‍ ഇക്കാര്യം അറിയിച്ചത്. പിതാവ് ഇളയരാജയുടെയും കുടുംബാംഗങ്ങളുടെയും പരിപൂര്‍ണ പിന്തുണയോടെയാണ് താന്‍ ഇസ് ലാമിലേക്ക് കടന്നുവന്നതെന്നും ഈ കാര്യത്തില്‍ പിതാവുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും യുവാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇസ് ലാം സ്വീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ആത്മീയ ഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് തന്നെ ഇസ് ലാമിലേക്ക് ആകര്‍ഷിച്ചതെന്ന് യുവാന്‍ പറയുന്നു. മാതാവിന്റെ മരണത്തില്‍ ദുഖിതനായ യുവന്‍ ശങ്കര്‍ ആത്മീയ ഗുരുവിനെ കാണുക പതിവായിരുന്നു. മാതാവുമായി മാനസീകമായി വളരെ അടുത്ത ബന്ധമായിരുന്നു യുവന്. എന്നാല്‍ ഇസ്ലാം മതം സ്വീകരിച്ചതിനുപിന്നില്‍ ഗുരുവാണോയെന്ന് വ്യക്തമല്ലെന്ന് യുവനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരു വര്‍ഷം മുമ്പ് തന്നെ യുവാന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നും വാര്‍ത്ത ഇപ്പോള്‍ പുറത്തുവരുന്നെന്നേയുള്ളൂവെന്നും യുവാന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ ഇക്കാര്യം സത്യമാണെന്ന് യുവാന്‍ ട്വീറ്ററിലൂടെ അറിയിക്കുയകായിരുന്നു.

 

അതേസമയം പ്രശസ്ത സംഗീത സംവിധാകനായ എ.ആര്‍ റഹ്മാനാണ് യുവാനെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുവായിരുന്ന എ എസ് ദിലീപ്കുമാറാണ് പിന്നീട് എ.ആര്‍ റഹ്മാന്‍ ആയി കുടുംബസമേതം ഇസ് ലാമിലേക്ക് വന്നത്.