ആര്‍ ടി എക്ക് 703 കോടിയുടെ പദ്ധതി

Posted on: February 9, 2014 8:42 pm | Last updated: February 9, 2014 at 8:42 pm

etihadദുബൈ: ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് പകരക്കാരനാവാന്‍ ലക്ഷ്യമിട്ടുള്ള പുതിയ 12 നിര പാലത്തിന്റെയും സമാന്തര റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയി ച്ചു. ശൈഖ് സായിദ് റോഡിലെയും അല്‍ ഖൈല്‍ റോഡിലെയും തിരക്കിന് ശമനമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് റോഡ് പണിയുന്നത്. ബര്‍ദുബൈ മേഖലയില്‍ ദുബൈ കോടതിക്കും ദുബൈ ക്രീക്ക് പാര്‍ക്കിനും സമീപത്താവും പാലത്തിന്റെ ഒരറ്റം. ദേര ഭാഗത്ത് ദുബൈ ഗോള്‍ഫ് ക്ലബ്ബിനും ദേര സിറ്റി സെന്ററിനും സമീപത്താവും പാലം അവസാനിക്കുക. ഇത്തിഹാദ് ബ്രിഡ്ജ് നിര്‍മാണത്തിന് ഈ വര്‍ഷം അവസാനത്തോടെ കരാര്‍ നല്‍കും.
നിര്‍മാണം പൂര്‍ത്തിയായാല്‍ നിലവിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലൂടെയുള്ള ഗതാഗതം ഇതിലേക്കു മാറും. ഓരോ ദിശയിലേക്കും ആറു നിര പാതകളാവും സജ്ജമാവുക. പാതയുടെ ഇരു വശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി നടവഴിയും നിര്‍മിക്കും. 61.6 മീറ്റര്‍ വീതിയില്‍ അര്‍ധവൃത്താകൃതിയിലാവും പാലം യാഥാര്‍ഥ്യമാക്കുക.
പാലത്തിന്റെ ഭാഗമായ അര്‍ധവൃത്താകൃതിക്ക് മൊത്തം 100 മീറ്റര്‍ നീളം കാണും. പാലത്തിന്റെ മധ്യഭാഗം ജലനിരപ്പില്‍ നിന്നും 15 മീറ്റര്‍ ഉയരത്തിലായിരിക്കും. നിശ്ചിത ഉയരത്തില്‍ പാലം നിലകൊള്ളുമെന്നതിനാല്‍ ഇതുവഴിയുള്ള ജല യാനങ്ങളുടെ ഗമനവും തടസപ്പെടില്ല. 15 മീറ്ററില്‍ അധികം ഉയരത്തിലും 400 മീറ്റര്‍ വീതിയിലുമാവും അബ്രക്ക് മുകളില്‍ പാലം സ്ഥിതിചെയ്യുക എന്നതിനാല്‍ 24 മണിക്കൂറും പടുകൂറ്റന്‍ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവക്ക് ഇതുവഴി സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. 2014ല്‍ 700 കോടി ദിര്‍ഹം ചെലവും 400 കോടി ദിര്‍ഹം വരവുമാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്. 2012 മുതല്‍ 2016 വരെ നീളുന്ന പഞ്ചവത്സര പദ്ധതിയില്‍ ഉള്‍നാടന്‍ റോഡുകള്‍ക്ക് മാത്രമായി 23.4 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. അല്‍ ഖൈല്‍ റോഡിനും ശൈഖ് സായിദ് റോഡിനും സമാന്തര പാതക്കായി 39.8 കോടിയും ജുമൈറ കോര്‍ണിഷ് പദ്ധതിക്ക് ഏഴു കോടിയും അല്‍ ഖുദ്‌റ റോഡ് വികസനത്തിന് 4.9 കോടിയും യൂണിയന്‍ ഗാലറി നിര്‍മാണത്തിന് യുണിയന്‍ ഹൗസും റിഹാബിലിറ്റേഷന്‍ സെന്ററും ഉള്‍പ്പെടെ 20.1 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
700.36 കോടി ദിര്‍ഹമാണ് മൊത്തം ബജറ്റെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ വെളിപ്പെടുത്തി. ബജറ്റിന്റെ 36 ശമാതനം ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സിക്കും 33 ശതമാനം റെയില്‍ ഏജന്‍സിക്കും 13 ശതമാനം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിക്കും 17 ശതമാനം ലൈസന്‍സിം ഏജന്‍സിക്കും ഒരു ശതമാനം അനുബന്ധ വിഭാഗങ്ങള്‍ക്കുമായാണ് വകയിരുത്തിയിരിക്കുന്നതെന്നും അല്‍ തായര്‍ വിശദീകരിച്ചു.